നായരും വാര്യരും പിന്നെ റീമ കല്ലിങ്കലും !!!

നായര്‍ അതീവ സുന്ദരനാണ്. നല്ല വെളുത്തു തുടുത്ത മുഖം….ഒത്ത ശരീരം….ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും (അതിന്‍റെ ഒരിത്തിരി അഹങ്കാരവും നായര്‍ക്ക് ഉണ്ട്). ഒരു കാലത്ത് കോളേജ് കുമാരിമാരുടെ ഇഷ്ട കാമുകന്‍ ആയിരുന്ന നായരുടെ സ്ത്രീ സങ്കല്പങ്ങളും സാധാരണക്കാരുടെതില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. തന്‍റെ നിലവാരത്തിന് ചേര്‍ന്ന പെണ്‍കുട്ടികള്‍ കേരളത്തില്‍ തന്നെ കുറവാണു എന്നാണ് നായര്‍ പൊതുവെ പറയാറ്. മലയാള സിനിമയെ  സൂക്ഷ്മമായി നിരീക്ഷിക്കുന്ന നായര്‍ക്ക് പൊതുവെ ഇവിടത്തെ നടിമാരെ കുറിച്ചൊന്നും വലിയ മതിപ്പില്ല. എങ്കിലും നായര്‍ റീമ കല്ലിങ്കലിന്‍റെ ഒരു കടുത്ത ആരാധകനാണ്. ഇന്‍റര്‍നെറ്റില്‍ ലഭ്യമായ റീമയുടെ എല്ലാ ഫോട്ടോസും തന്‍റെ ലാപ്ടോപ്പില്‍ ഉണ്ട് എന്നാണ്  നായര്‍ അവകാശപ്പെടുന്നത്.

റീമ അഭിനയിച്ച പരസ്യങ്ങള്‍ വരുമ്പോള്‍ ചാനല്‍ മാറ്റാന്‍ സമ്മതിക്കാതിരിക്കുക, റീമ ഗസ്റ്റ്‌ റോളില്‍ അഭിനയിച്ച സിനിമകള്‍ പോലും  തിയേറ്ററില്‍ പോയി കണ്ടു ഹിറ്റ്‌ ആക്കാന്‍ ശ്രമിക്കുക…ഇതൊക്കെ നായരുടെ സ്ഥിരം പരിപാടികളാണ്. റീമയെ കുറിച്ച് ആരെങ്കിലും അനാവശ്യം പറഞ്ഞാല്‍ അവന്‍ നായരുടെ കൈയുടെ ചൂടറിയും (രോഹിത് ഉണ്ണിമാധവന് അനുഭവം ഉണ്ട്!!)

ഇനി വാര്യരെ കുറിച്ച്….വാര്യര്‍ വളരെ അധികം വിശാലമനസ്കനും സര്‍വ്വോപരി ഒരു തികഞ്ഞ മനുഷ്യസ്നേഹിയുമാണ്. എല്ലാ കാര്യങ്ങള്‍ക്കും വാര്യര്‍ മുന്നില്‍ ഉണ്ടാകും. സുഹൃത്തുക്കളുടെ ഏതു കാര്യവും സ്വന്തം കാര്യം പോലെ കണ്ടു സഹായ ഹസ്തവുമായി വാര്യര്‍ കൂടെത്തന്നെ ഉണ്ടാകും. (സത്യം പറഞ്ഞാല്‍ നായര്‍ക്ക് ‘പെണ്‍കുട്ടികള്‍’ പോലെ ആണ് വാര്യര്‍ക്ക് സുഹൃത്തുക്കള്‍!!!!). പിന്നെ നേരത്തെ പറഞ്ഞ സ്ത്രീ സങ്കല്പങ്ങളില്‍ രണ്ടുപേരും സമാന ചിന്താഗതിക്കാരാണ്. അത് കൊണ്ട് തന്നെ നായരും വാര്യരും തമ്മില്‍ നല്ല ഒരു മാനസിക അടുപ്പം ഉണ്ട്.

പൊതുവെ പത്രം വായിക്കുന്ന ശീലം ഇല്ലാത്ത നായര്‍, ഒരു ദിവസം രാവിലെ മസാല ദോശ പാര്‍സല്‍ കൊണ്ട് വന്ന “ഹിന്ദു ” പത്രത്തിലെ വാര്‍ത്ത‍ കണ്ടു ഞെട്ടി. തന്‍റെ സ്വപ്നസുന്ദരി ഒരു എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ ഹോട്ടല്‍ ‘അബാദ് പ്ലാസ’ യില്‍ എത്തുന്നു.

Rima Kallingal Soul Sisters

Rima Kallingal – Soul Sisters

പിന്നെ തീരുമാനം എടുക്കാന്‍ ഒട്ടും താമസം ഉണ്ടായില്ല. പോകാന്‍ തന്നെ തീരുമാനിച്ചു. കൂടെ പോകാന്‍ ആരെ വിളിക്കണം എന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തെളിഞ്ഞത് വാര്യരുടെ മുഖം.  ആവശ്യം അറിയിച്ചപ്പോള്‍ വാര്യര്‍ക്കും വളരെ സന്തോഷം.  അങ്ങനെ വാര്യരുടെ ബൈക്ക് ‘അബാദ് പ്ലാസ’ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

Continue reading

Advertisements

പുതുച്ചേരിയിലെ പുതുമണവാളന്‍!

“ഈ പോസ്റ്റിലെ കഥാനായകനും കഥാസന്ദര്‍ഭങ്ങള്‍ക്കും യഥാര്‍ത്ഥ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല” എന്നൊന്നും ഞാന്‍ പറയില്ല, കാരണം ഇതൊക്കെ നടന്ന സംഭവങ്ങള്‍ തന്നെയാണ്.

കഥനായകനെ നമുക്ക് “പോളി” എന്നു വിളിക്കാം. ഇലക്ട്രോണിക് ഗാഡ്‌ജെട്സുകളോട്‌ ചെറുപ്പം മുതല്‍ക്ക് തന്നെ അടങ്ങാത്ത അഭിനിവേശമായിരുന്നു പോളിക്ക്. മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് തുടങ്ങിയവ  പോളിക്ക്‌ കളിപ്പാട്ടങ്ങള്‍ ആയിരുന്നു. പോളി വളര്‍ന്ന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയതോടെ ഈ താല്‍പര്യവും വളര്‍ന്നു വന്നു.

മൊബൈല്‍ ഫോണ്‍ മേഘലയില്‍ ആണ്ട്രോയിഡ് വിപ്ലവം ഉണ്ടായപ്പോള്‍ പോളി അതിയായി സന്തോഷിച്ചു. ഫ്ലിപ്കാര്‍ട്ട്, ഈബേ തുടങ്ങിയ സൈറ്റുകളില്‍ നിത്യ സന്ദര്‍ശകനായതിനാല്‍  പലതരം മൊബൈല്‍ ഫോണുകളുടെ വിലയും സ്പെസിഫികേഷന്‍സും നമ്മുടെ കഥനായകനു മനപാOമായിരുന്നു.വളരെ വിചിത്രമായ ബ്രാന്‍ഡ്‌ പ്രോഡക്റ്റ്സ് വാങ്ങുക എന്നത് പോളിയുടെ ഒരു സ്വഭാവമാണ്. ഇത് വരെ ആരും കേട്ടിട്ടില്ലാത്ത ഒരു ബ്രാന്‍ഡ്‌ പെന്‍ഡ്രൈവ് ആണ് പോളി വാങ്ങിയത് (വളരെ മികച്ച ട്രാന്‍സ്ഫര്‍ സ്പീഡ് ആണെന്ന് അവകാശപെട്ട പെന്‍ഡ്രൈവ് 10 MB കോപി ചെയാന്‍ 5 മിനുട്ടില്‍ കൂടുതല്‍ സമയം എടുത്തത്‌ കണ്ടു പോളി കരഞ്ഞു പോയി).

മികച്ച ഗുണമേന്മയുള്ള പ്രോഡക്റ്റ്സ് ഏറ്റവും കുറഞ്ഞ വിലയില്‍ എവിടെയൊക്കെ കിട്ടും എന്നു എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കാറുണ്ടായിരുന്ന പോളി സ്വന്തമായി ഒരു  മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തിരഞ്ഞെടുത്തത് “ഇന്‍റെല്‍ സോളോ X900” ആയിരുന്നു.

Intel Lava XOLO X900 Mobile Phone

Intel Lava XOLO X900 Mobile Phone

ആ ഫോണിനു ഹീറ്റിംഗ് ഇഷ്യൂ ഉണ്ടെന്നു പറഞ്ഞു പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല ( വരാനുള്ളത് വഴിയില്‍ തങ്ങില്ലലോ !!!!).  ”1.6 ഗിഗാഹെട്സ് ഇന്‍റെല്‍ ആറ്റം പ്രോസ്സസര്‍” ഉള്ളത് കൊണ്ട് ഏതു ഗെയിമും കളിക്കാന്‍പറ്റുംഎന്നൊക്കെ പറഞ്ഞു സാധാരണക്കാരായ ആണ്ട്രോയിഡ് മുതലാളിമാരെ പോളി വല്ലാതെ കളിയാക്കി.

“ചാത്തന്‍മാരുടെ മുഖപ്രസാദം” മങ്ങിതുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. തന്‍റെ ഫോണില്‍   ”വോയിസ്‌ കോളിംഗ് ” എന്ന അടിസ്ഥാന സൗകര്യം വര്‍ക്ക്‌ ചെയ്യുന്നില്ല എന്ന സത്യം കഠിനമായ ഹൃദയ വേദനയോടെ പോളി തിരിച്ചറിഞ്ഞു. BSNL മൈക്രോ സിമ്മിന്‍റെ കുഴപ്പം ആണെന്ന വാദം പൊളിഞ്ഞതോടെ പോളി മാനസികമായി തകര്‍ന്നു. പുതുച്ചേരിയില്‍ പ്രൊജക്റ്റ്‌ കമ്മിഷനിംഗിനു വേണ്ടി പോയപ്പോള്‍  വീട്ടില്‍ വിളിക്കാന്‍ വേണ്ടി ഒരു നോക്കിയ 1100 എങ്കിലും കിട്ടുമോ എന്ന് അന്വേഷിച്ചു നടന്ന സമയത്താണ് തന്‍റെ ഫോണിനു “ആണ്ട്രോയിഡ് 4.0 ഐസ്ക്രീം സാന്‍ഡുവിച്” അപ്ഡേറ്റ് വന്ന കാര്യം അറിഞ്ഞത്. അപ്ഡേറ്റ് ചെയ്ത ശേഷം തന്‍റെ ഫോണില്‍ കോള്‍ ചെയ്യാന്‍ പറ്റുന്നത് കണ്ടു പോളിയിടെ കണ്ണ് നിറഞ്ഞു പോയി (അണയാന്‍ പോകുന്ന തീ ആളിക്കത്തും!!).

ഈ കാര്യം വീട്ടില്‍ വിളിച്ചു പറഞ്ഞു വീണ്ടും ഒരു കോള്‍ കൂടി ചെയ്യാന്‍ നോക്കിയപ്പോള്‍ സംഗതി വീണ്ടും പഴയ പോലെ തന്നെ!!! (നോക്കിയ 1100 വീണ്ടും പോളിയെ നോക്കി ചിരിച്ചു!). ഒടുവില്‍ ഫോണ്‍ വാങ്ങിയ കടയില്‍ തന്നെ കൊണ്ടുപോയി കൊടുത്തു. “ഇതിനു പരിഹാരമില്ല, ദിസ്‌ ഈസ്‌ incurable” എന്നു  സെയില്‍മാന്‍ പറഞ്ഞപ്പോള്‍ പോളി ചൂടായി. അവസാനം കഥനായകന്‍റെ ദയനീയാവസ്ഥ കണ്ട കട മുതലാളി “ഫോണ്‍ റീപ്ലേസ് ചെയ്തു തരാം” എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു.

കൈയിലുണ്ടായിരുന്ന ഫോണ്‍ പ്രോസ്സസരിന്‍റെ ഫ്രീക്വന്‍സി വരെ മാറ്റി പരമാവധി ഉപയോഗിച്ചിടുണ്ട് എന്നതിനാല്‍ റീപ്ലേസ്മെന്‍റ് തന്നെയാണ് നല്ലതെന്ന് പോളിയും  മനസ്സില്‍ കരുതി. ഒരു പുത്തന്‍ പുതിയ സോളോ തന്‍റെ പേരില്‍ കൊറിയര്‍ ആയി വരുന്നതും സ്വപ്നം കണ്ടു ഉറക്കത്തില്‍ നിന്ന് ഞെട്ടി ഉണരാറുണ്ട് പോളി ഇപ്പൊള്‍ . പുതിയ ഫോണ്‍ ഉടന്‍ തന്നെ എത്തട്ടെ എന്നു ആശംസിച്ചു കൊണ്ട് നിര്‍ത്തട്ടെ!!!

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍!

“ഇത്രേ ഉള്ളു ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ” എന്നു മനസിലാക്കി തന്ന രോഹിത്ത്‌ ഉണ്ണിമാധവനും, ഇതിനു ഒരു കാരണമായ വിനേഷ് ബാലനും നന്ദി പറഞ്ഞു കൊണ്ട്‌ തുടങ്ങട്ടെ…ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന ചിന്ത മനസ്സില്‍ തോന്നിയത് എപോഴാണെന്നു ഓര്‍മയില്ല. ബ്ലോഗിന് എന്ത് പേരിടണം, എന്തിനെ കുറിച്ചു ബ്ലോഗ്‌ എഴുതണം എന്നീ കാര്യങ്ങളില്‍ തീരുമാനമാകാതെ കാലം കുറെ പോയി. ഇത്തിരി ടെക്നിക്കല്‍ ആയാലോ എന്ന് ആലോചിച്ചു. പിന്നെ വല്യ വിവരം ഇല്ലാത്തതു  കൊണ്ടും, ഒന്നോ രണ്ടോ പോസ്റ്റുകള്‍ കൊണ്ട് തന്നെ അവസാനിപ്പിക്കേണ്ടി വരും എന്നതു കൊണ്ടും വേണ്ടെന്നു വെച്ചു.

ഇംഗ്ലീഷ് ഫിലിമുകള്‍, നോവല്‍ രീടിംഗ്, കമ്പ്യൂട്ടര്‍ ഗെയിംസ് ഇതിനെ കുറിച്ചൊന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി. പിന്നെ സ്വന്തം തട്ടകമായ മലയാളം സിനിമകളെ കുറിച്ച് ആയാലോ എന്ന് കരുതി. ആദ്യ പോസ്റ്റ്‌ സ്വന്തം കൈ കൊണ്ട് ഇടണം എന്ന ആഗ്രഹം രോഹിത് ഉണ്ണിമാധവന്‍ കുളമാക്കി ( ഈശ്വരാ ദൈവമേ അവനു നല്ലത് മാത്രം വരുത്തണേ! ). മലയാള സിനിമയും ഞാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുമ്പോള്‍, രണ്ടു മലയാളം സിനിമകള്‍ക്ക് ഞാന്‍ റിവ്യൂ എഴുതിയിടുണ്ട് (അതിന്റെ ലിങ്ക് ചോദിക്കരുത്,തരില്ല!). പിന്നെ പല സിനിമകളും ഒന്നില്‍ കൂടുതല്‍ തവണ കണ്ടത് കൊണ്ട് മിക്കവാറും ഡയലോഗുകള്‍ മനസ്സില്‍ പതിഞ്ഞു പോയിട്ടുണ്ട്. സീരിയസ് ആയ കാര്യങ്ങള്‍ പറയുമ്പോള്‍ പോലും ഈ സിനിമ ഡയലോഗുകള്‍ ഞാന്‍ പോലും അറിയാതെ എന്റെ സംസാരത്തില്‍ കടന്നു വരുന്നു (ഇത് ഒരു രോഗമാണോ ഡോക്ടര്‍?).

സ്വന്തമായി ഒരു ഡയലോഗ് പോലും ഇല്ലാത്തവന്‍ എന്ന് പറഞ്ഞു എല്ലാരും കളിയാക്കിയപ്പോഴും ഞാന്‍ വക വെച്ചില്ല . ആവശ്യത്തിനും അനാവശ്യത്തിനും ഞാന്‍ ഇങ്ങനെ സിനിമ ഡയലോഗുകള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ മേല്‍ പറഞ്ഞ  രോഹിത്ത്‌ ഉണ്ണിമാധവനും സംഘവും ഞാന്‍ പറയുന്ന എല്ലാ  ഡയലോഗുകളും എണ്ണാന്‍ തുടങ്ങി. (സത്യം പറയാമല്ലോ എനിക്ക് രോഹിത്ത്‌ ഉണ്ണിമാധവനെ ഭയങ്കരം പേടിയാ!). അമ്പത് ഡയലോഗുകള്‍ തികച്ചപ്പോള്‍ ഈ ഗുണ്ടകള്‍ എന്നെ തല്ലിയതിന്റെ വേദന ഇപ്പോഴും പോയിട്ടില്ല. ഇപ്പൊ ഡയലോഗുകളുടെ എണ്ണം തൊണ്ണൂറ്റി ഒമ്പത് ആയത്രേ (ഇവന്മാര്‍ക്ക്എണ്ണാനും അറിഞ്ഞൂടെ?!).

അടുത്ത ഒരു ഡയലോഗ് കൂടെ പറഞ്ഞാല്‍ അവര്‍ എന്നെ തല്ലി  കൊല്ലും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശെരിക്കും പേടിച്ചു. (പണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജനറല്‍ ടിക്കറ്റ്‌ എടുക്കാന്‍ കാശില്ലാതെ തെണ്ടി നടന്ന ഈ രോഹിതിനെ ഞാനാണ്‌ ടിക്കറ്റ്‌ എടുത്തു കൊടുത്തു സമാധാനിപ്പിച്ചു ട്രെയിന്‍ കേറ്റി വിട്ടത്. ആ രോഹിത് ആണ് എന്നോട് ഈ ചതി ചെയ്തത്…ആ അത് ഞാന്‍ ചോദിച്ചോളാം!!). എന്തായാലും ഈ വിലക്ക് വന്നതോട് കൂടി ഞാന്‍ ഇപോ അധികം സംസാരിക്കാറില്ല. കൂടുതല്‍ സമയവും എന്റെ മൊബൈലും (അതിനെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതാന്‍ മാത്രം ഉണ്ട്) നോക്കി ഇരിപ്പാ.

ഇനിയും ഈ വിലക്ക് എടുത്തു മാറ്റാന്‍ ഇവര്‍ തയ്യാറായില്ലെങ്കില്‍ ഞാന്‍ ഈ ബ്ലോഗിലൂടെ ശക്തമായി പ്രതികരിക്കും നോക്കിക്കോ! എന്റെ ഫേവറിറ്റ് ഡയലോഗുകള് അടുത്ത പോസ്റ്റില്‍ പറയാം.

അഭിപ്രായ പ്രകടന സ്വതന്ത്രത്തെ കൂച്ചുവിലങ്ങ് ഇടാനുള്ള നടപടിയില്‍ നിന്നും ഈ ധിക്കാരികള്‍ പിന്മാറും എന്ന ശുഭ പ്രതീക്ഷയോടെ നിര്‍ത്തട്ടെ (പാപിക്ക്‌ പശ്ചാത്തപിക്കാന്‍ ഒരു ചെറു പഴുത് കൂടി കൊടുക്കാം…!)