‘അന്നയും റസൂലും’ – ഒരു ന്യൂ ജെനറേഷന്‍ പ്രണയകഥ !!!

annayum rasoolum movie review

ആദ്യമേ തന്നെ പറയട്ടെ…ഇതൊരു മൂവി റിവ്യൂ അല്ല….’അന്നയും റസൂലും’ എന്ന സിനിമ കാണാന്‍ പോയതിന്‍റെ അനുഭവ കുറിപ്പാണിത് . ജോലി കിട്ടി കൈയില്‍ കുറച്ചു കാശു വന്നതിനു ശേഷം, റിലീസ് ആകുന്ന ഒരുമാതിരി എല്ലാ പടങ്ങളും കാണാന്‍ പോകാറുണ്ട്. നല്ല സിനിമാസ്വാദന ബോധമുള്ള കുറെ സുഹൃത്തുക്കളും എനിക്കുണ്ട്.

ഡാ തടിയാ‘ കാണാന്‍ പോയപ്പോഴാണ് പ്രശസ്ത സിനിമറ്റൊഗ്രഫെര്‍ ആയ ‘രാജീവ്‌ രവി’ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ’അന്നയും റസൂലും’ എന്ന ചിത്രത്തിന്‍റെ ട്രൈലെര്‍ കണ്ടത്. കണ്ണുകളില്‍ കുസൃതി ഒളിപ്പിച്ച ഫഹദ് ഫാസിലിന്‍റെ നോട്ടങ്ങളും പുതിയ നായികയെയും കണ്ടപ്പോള്‍ തന്നെ ഒരു ‘ന്യൂ ജെനെറേഷന്‍’ പ്രണയകാവ്യം ആയിരിക്കും ’അന്നയും റസൂലും’ എന്ന് ഉറപ്പിച്ചു.

2013 ജനുവരി 5 , മാത തിയേറ്റര്‍, ആലുവ.

തിയേറ്ററില്‍ സാമാന്യം നല്ല രീതിയില്‍ തിരക്കുണ്ട്‌. ഞാനും അഞ്ചു സുഹൃത്തുക്കളും സെക്കന്റ്‌ ഷോ കാണാന്‍ ബാല്‍കണി ടിക്കറ്റ്‌ എടുത്തു. ടൈറ്റില്‍ കാര്‍ഡില്‍ ഫഹദ് ഫാസില്‍, പുതുമുഖ നായിക ആണ്ട്രിയ ജെര്‍മിയ എന്നീ പേരുകള്‍ തെളിഞ്ഞപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയടി. ‘കയ്യെത്തും ദൂരത്ത്‌‘ എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായിരുന്ന ഫഹദ് ഫാസില്‍, ഒരു നടന്‍ എന്ന നിലയില്‍ കൈവരിച്ച അദ്ഭുതാവഹമായ വളര്‍ച്ച ഓര്‍ത്തു കൊണ്ടിരിക്കെ പടം ആരംഭിച്ചു.

ഫോര്‍ട്ട്‌ കൊച്ചിയിലെ ഒരു സാധാരണ ടാക്സി ഡ്രൈവര്‍ റസൂല്‍ ആയി ഫഹദ് ഫാസില്‍ വേഷമിടുന്നു. കപ്പല്‍ ജോലിക്കാരനായ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രം (ആഷ്‌ലി) കഥ പറയുന്ന രീതിയിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ഫഹദ് ഫാസില്‍ പതിവ് പോലെ തന്‍റെ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ഈ ഒരു ഒറിജിനാലിറ്റി തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകതയും.

സാങ്കേതിക രംഗങ്ങളിലും ഒരുപാട് പുതുമകള്‍ പരീക്ഷിച്ചിരിക്കുന്നു — സിങ്ക് സൌണ്ടിംഗ് ടെക്നോളജി കഥാപാത്രങ്ങളുടെ സംഭാഷണം അത് പോലെ ഒപ്പിയെടുത്തിരിക്കുന്നു. കൊച്ചിയുടെ പച്ചപ്പ്‌ തുളുമ്പി നില്‍ക്കുന്ന യഥാര്‍ത്ഥ ചിത്രങ്ങളാണ്‌ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്.

അന്നയും റസൂലും കണ്ടു മുട്ടുന്നു…

ഒരു പ്രത്യേക സാഹചര്യത്തില്‍, സുഹൃത്തായ അബുവിനെയും രക്ഷിച്ചു ധൃതിയില്‍ കാറോടിച്ചു പോകുന്നതിനിടയിലാണ് റസൂല്‍ ആദ്യമായി അന്നയെ കാണുന്നത്. കാറില്‍ ഉണ്ടായിരുന്നവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും റസൂലിന്‍റെ മനസ്സില്‍ തന്‍റെ കാറിന്‍റെ മുന്നില്‍ ചാടിയ അന്നയുടെ മുഖം മാത്രം. പിന്നീടു
വൈപിന്‍ പള്ളിപെരുന്നാളിനു പോയപ്പോള്‍ റസൂല്‍ അന്നയെ മെഴുകുതിരി വെളിച്ചത്തില്‍ കാണുന്ന രംഗം എന്‍റെ മനസ്സില്‍ നിന്ന് മായുന്നില്ല. പിന്നീട് അന്നയെ റസൂല്‍ കാണുന്നതും തന്‍റെ പ്രണയം അറിയിക്കുന്നതുമായ രംഗങ്ങളിലൂടെ സിനിമ പുരോഗമിക്കുന്നു.

മധു നീലകണ്‌ഠന്‍റെ ക്യാമറ ഒരു ദൃശ്യ വിരുന്നു ഒരുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. കൃഷ്ണ കുമാറിന്‍റെ സംഗീത സംവിധാനത്തില്‍ ‘ഷഹബാസ് അമന്‍, ശ്വേത തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ പുതുമയുള്ളതായിരുന്നു. “കായലിനരികെ…..”, “കണ്ട് രണ്ടു കണ്ണ്….” തുടങ്ങിയ ഗാനങ്ങള്‍ പ്രേക്ഷകരെ മറ്റൊരു ലോകത്തേക് കൂട്ടിക്കൊണ്ടു പോകുന്നു.അഞ്ചു പ്രശസ്ത സംവിധായകര്‍ (രഞ്ജിത്ത്, ആഷിക് അബു, പി ബാലചന്ദ്രന്‍, എം ജി ശശി, ജോയ് മാത്യു ) ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ആഷിക് അബു റസൂലിന്‍റെ ചേട്ടനായ ഹൈദര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത്ത് റസൂലിന്‍റെ ബാപ്പയായും ജോയ് മാത്യു അന്നയുടെ അച്ഛനായും അഭിനയിക്കുന്നു. രഞ്ജിത്ത്, ആഷിക് അബു തുടങ്ങിയവര്‍ തങ്ങള്‍ നല്ല അഭിനേതാക്കള്‍ കൂടി ആണെന്ന് തെളിയിക്കുന്നു. സണ്ണി വെയ്ന്‍ അവതരിപ്പിച്ച അവതാരകന്‍റെ വേഷവും മികച്ചതായി.അബുവിന്‍റെ ഭാര്യ ഫസിലയായി ശ്രിന്ദ അഷബ് മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. അന്യജാതിയില്‍ പെട്ട അന്നയെ റസൂല്‍ പ്രണയിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍

“നീ പ്രേമിച്ചോടാ മുത്തെ…ബാക്കി എല്ലാം നമ്മക്ക് നോക്കാം..!” എന്ന ഡയലോഗ് ചിരി പടര്‍ത്തി.

അന്ന ഒരു പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ സെയില്‍സ് ഗേള്‍ ആയി ജോലി നോക്കുന്നു. ജീവിത സാഹചര്യങ്ങളില്‍ നിന്നുണ്ടായ നിസ്സഹായാവസ്ഥയും റസൂലിനോടുള്ള പ്രണയവും വളരെ മികച്ച രീതിയില്‍ ആണ്ട്രിയ അവതരിപ്പിച്ചിരിക്കുന്നു.

എന്‍റെ കൂടെ പടം കണ്ട സുഹൃത്തുക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ
“പടം ഇത്തിരി വലിച്ചു നീട്ടിയതായി തോന്നി….ഇടയ്ക്കെപ്പോഴോ സിനിമ ചലനമറ്റ പോലെ ആയിരുന്നു !””

യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയം ഇത്തിരി പൈങ്കിളി ആണെന്നും അത് ഒട്ടും തനിമ നഷ്ടപ്പെടാതെ അവതരിപ്പിക്കുമ്പോള്‍ ഇത്തിരി ദൈര്‍ഘ്യം കൂടുതലാവുമെന്നും” അഭിപ്രായങ്ങള്‍ ഉണ്ടായി. ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ ആണ് അന്നയും റസൂലും തമ്മിലുള്ള പ്രണയം എന്ന് സിനിമ നിരൂപണ വാസനയുള്ള ചിലര്‍ അഭിപ്രായപ്പെട്ടു.

സംവിധായകന്‍ രാജീവ്‌ രവി അവതരണ മികവില്‍ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു. സന്തോഷ്‌ എച്ചിക്കാനത്തിന്‍റെ തിരക്കഥ അന്നയുടെയും രസൂലിന്‍റെയും ജീവിതം വളരെ ‘വിശദമായി’ വരച്ചു കാട്ടുന്നു. അഭിനേതാക്കള്‍ക്ക് ഒരു കഥാസന്ദര്‍ഭം പറഞ്ഞു കൊടുക്കുകയും, യഥാര്‍ഥ ജീവിതത്തില്‍ ആ ഒരു സന്ദര്‍ഭം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ള രീതിയില്‍ അഭിനയിക്കാന്‍ ആണത്രേ സംവിധായകന്‍ നിര്‍ദേശിച്ചത്. ഈ ഒരു നീക്കം ചിത്രത്തില്‍ മുഴുവന്‍ നല്ല രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്.

പിന്നെ സിനിമയുടെ ദൈര്‍ഘ്യത്തെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് കുറച്ചു മുമ്പ് ഇതേ തിയേറ്ററില്‍ ‘ഹീറോ’ എന്ന പൃഥ്വിരാജ് ചിത്രം കാണാന്‍ പോയതാണ്. ശരിക്കും പറഞ്ഞാല്‍ രാത്രി മാവേലി എക്സ്പ്രെസ്സിനു വീട്ടില്‍ പോകാന്‍ വേണ്ടി സമയം അഡ്ജസ്റ്റ് ചെയ്യാന്‍ വേറെ നിവൃത്തിയില്ലാതെ പടം കാണാന്‍ കയറിയതാണ്. 9.30 നു തുടങ്ങിയ പടം അവസാനിച്ചത്‌ 12.10 നു. ഏതായാലും കയറിയതല്ലേ ക്ലൈമാക്സ്‌ കൂടെ കണ്ടിട്ട് ഇറങ്ങാം എന്നാലോചിച്ച ഞാന്‍ ഇത്രേം സമയം പോയത് അറിഞ്ഞില്ലായിരുന്നു.

ഒടുവില്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ ട്രെയിന്‍ മിസ്സായി.അങ്ങനെ അടുത്ത ട്രെയിനിനു വേണ്ടി ആലുവ റെയില്‍വേ സ്റ്റേഷനില്‍ കൊതുക് കടിയും സഹിച്ചു ഇരിക്കുമ്പോള്‍ മനസ്സില്‍ തോന്നിയത് – ‘ഫിലിം ടിക്കെറ്റിന്‍റെ കാശും പോയി…ട്രെയിന്‍ ടിക്കെറ്റിന്‍റെ കാശും പോയി…ഈ പടത്തിന് കയറിയിട്ടാണ് ട്രെയിന്‍ പോയതെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ മാനവും പോകും…!

അതൊക്കെ വെച്ച് നോക്കുമ്പോള്‍ ’അന്നയും റസൂലും’ കണ്ടിറങ്ങുമ്പോള്‍ ഒരു നല്ല പടം കണ്ട ഫീലിംഗ് എങ്കിലും ഉണ്ട്. മലയാള സിനിമയില്‍ ഒരു മാറ്റത്തിന്‍റെ പാത തുറന്നിടുന്നതില്‍ ഇത്തരം റിയലിസ്റ്റിക് ചിത്രങ്ങള്‍ കാരണമാകും എന്ന കാര്യത്തില്‍ സംശയമില്ല.

പിന്നെ ’അന്നയും റസൂലും’ കാണാന്‍ പോകുമ്പോള്‍ കൂടെ കലാബോധമുള്ള കുറച്ചു സുഹൃത്തുക്കളെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഈ സൂസുവിനെ പോലെ ഒക്കെ ഉള്ളവര്‍ അടുത്തിരുന്നു വെറുപ്പിക്കും. അപ്പോള്‍ കൂടെ ഉള്ളവര്‍ക്കും ഫിലിം ഇഷ്ടപെടില്ല.

വളരെ ശാന്തമായ മനസ്സോട് കൂടെ വേണം ഈ പടം കാണാന്‍ പോകാന്‍…എന്നാല്‍ മാത്രമേ നമുക്ക് അന്നയും റസൂലും തമ്മിലുള്ള പ്രണയവും അവരുടെ വേദനയും ഉള്‍ക്കൊള്ളാന്‍ കഴിയൂ…പടം കണ്ടിറങ്ങുമ്പോള്‍ മനസ്സിന്‍റെ ഉള്ളില്‍ എവിടെയോ ഒരു മുറിപ്പാടായി അന്നയും റസൂലും ജീവിക്കുണ്ടാകും….തീര്‍ച്ച..!

പിന്‍കുറിപ്പ്: ഞാന്‍ ഇപ്പോള്‍ മൂവി റിവ്യൂ എഴുതാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. അച്ചായന്‍ തന്ന ‘7-tips-for-writing-a-film-review’ എന്ന ലിങ്ക് ഒക്കെ വായിച്ചു നോക്കി.
മൂവി റിവ്യൂ ഒക്കെ എഴുതി പരിചയമുള്ളവര്‍ ഈ പോസ്റ്റ്‌ വായിക്കുകയാണെങ്കില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ദയവായി അറിയിക്കുക!

Advertisements