Xplore ’13 – Technical and Cultural Fest at GCEK!

GCEK Xplore '13
തലേന്ന് രാത്രി പെയ്ത മഴയുടെ തുടര്‍ച്ചയെന്നോണം മഴമേഘങ്ങള്‍ക്കിടയില്‍ സൂര്യന്‍ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നു. നനുത്ത ഒരു പ്രഭാതം. യാത്ര കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്കാണ്. അവിടെ  Xplore ’13 എന്ന ടെക്നിക്കല്‍ ഫെസ്റ്റ് നടക്കുന്നു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും കോളേജിലേക്ക് ഒരു യാത്ര.

ധര്‍മശാല എത്തിയപ്പോള്‍ റിതിന്‍ റാം, ബിനീഷ്, വിവേക് ഫിലിപ്പ് ജോണ്‍ തുടങ്ങിയ  സീനിയര്‍ വിദ്യാര്‍ത്ഥികളെ കണ്ടു. കുറച്ചു സമയം സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഒടുവില്‍ ഗോകുല്‍, വിനീഷ് നമ്പ്യാര്‍, നിബിന്‍, ദിപിന്‍ ദേവ്, സുനീഷ് എല്ലാരും വന്നെത്തി.

The Team

The Team

ഞങ്ങളെ വരവേറ്റത് പുതുക്കി പണിത കോളേജ് പടിപ്പുര ആയിരുന്നു. കെട്ടിലും മട്ടിലും കോളേജിന്‍റെ മുഖം ആകെ മാറിയിരിക്കുന്നു.

GCEK Padipura

GCEK Padipura

Xplore ’13 സംഘാടകരായ വിദ്യാര്‍ഥികള്‍ ഓടി നടക്കുന്നുണ്ടായിരുന്നു. അപ്പോള്‍ പെയ്തു തുടങ്ങിയ  മഴ ഇത്തിരി ആലോസരപ്പെടുത്തിയെങ്കിലും പിന്നീട് മാനം തെളിഞ്ഞത് അനുഗ്രഹമായി.

Xplore ’13 മൂന്നാമത്തെ ദിവസമാണ് ഞങ്ങള്‍ കോളേജില്‍ എത്തുന്നത്‌. ആദ്യ രണ്ടു ദിവസങ്ങളില്‍ നടന്ന പരിപാടികള്‍ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. ഇതില്‍ നരേഷ് അയ്യര്‍, സ്റ്റീഫെന്‍  ദേവസ്സി, അല്‍ഫോന്‍സ്‌ തുടങ്ങിയവര്‍ പങ്കു ചേര്‍ന്ന ‘GCEK  Nite’, സാഹസിക പ്രകടനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

അവസാന ദിവസത്തെ കാഴ്ചകളിലൂടെ ഞങ്ങള്‍ നടന്നു. Xplore ’13 ഭാഗമായി അവതരിപ്പിച്ച ക്യാമ്പസ്‌ FM റേഡിയോയിലൂടെ റേഡിയോ ജോക്കികളുടെ ശബ്ദം ഒഴുകി വരുന്നുണ്ടായിരുന്നു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ ഒരുക്കിയ സ്റ്റാളുകള്‍ ആകര്‍ഷകമായിരുന്നു.

Oldage

Oldage

ISRO ഒരുക്കിയ സ്റ്റാള്‍ ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങള്‍ എടുത്തു കാട്ടുന്നതായിരുന്നു. വിവിധ ബഹിരാകാശ പേടകങ്ങളും ഉപഗ്രഹങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.

ISRO Stall
ISRO Stall_1
ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനാര്‍മായ ചിത്രങ്ങളുടെ പ്രദര്‍ശനവും കൗതുകമുണര്‍ത്തി.

Photography Contest

Android Arena!

ആണ്ട്രോയിഡ്  രംഗത്തെ പുത്തന്‍ വിശേഷങ്ങളും അപ്ലിക്കേഷനുകളും പരിചയപ്പെടുത്തിയ Android Arena അറിവ് പകരുന്നതായി. ആണ്ട്രോയിഡ്  application development തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അവതരിപ്പിച്ചു.

Android Arena

Android Arena


Two Storyed Building in a day!

സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ അധ്വാനത്തിന്റെ ഫലമായി ഉണ്ടാക്കിയ Two Storyed Building in a day ആകര്‍ഷകമായി.

Two Storyed Building in a day!

Two Storyed Building in a day!

‘Folding  Building’ എന്ന പേരില്‍ പ്രത്യേക രീതിയില്‍ ഉണ്ടാക്കിയ ഒടിച്ചു മടക്കാവുന്ന വീട് താത്കാലിക ആവശ്യത്തിനു വളരെയധികം പ്രയോജനപ്പെടുത്താവുന്ന ഒരു മാതൃകയായിരുന്നു.

Tarang

പിന്നെയും ഒരുപാട് കൗതുക കാഴ്ചകള്‍ – ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റ്  ഒരുക്കിയ കുറെ working models  ശ്രദ്ധ പിടിച്ചു പറ്റി. Microcontroller, GSM തുടങ്ങിയവ ഉപയോഗിച്ച് ഒരുപാട് പ്രോജെക്ട്സ് പ്രദര്‍ശനത്തിനു ഉണ്ടായിരുന്നു.

Pranav Mistry അവതരിപ്പിച്ച Sixth Sense – gestural interface മാതൃകയില്‍ രൂപപ്പെടുത്തിയ പ്രൊജക്റ്റ്‌, line following robot, infinity well, sudoku solver തുടങ്ങിയവയും ശ്രദ്ധയാകര്‍ഷിച്ചു.

Infinity Well using a single layer of  LED!

Infinity Well using a single layer of LED!

Yanthrix

മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കിയ ‘Yanthix’ യന്ത്രങ്ങളുടെ പ്രവര്‍ത്തങ്ങള്‍ നന്നായി അവതരിപ്പിച്ചു. ലഘു യന്ത്രങ്ങള്‍ തുടങ്ങി വിവിധ തരം Engines വരെയുള്ള എല്ലാ ഉപകരണങ്ങളും അണി നിരത്തിയിരുന്നു .

Yanthrix

Yanthrix

Pravega

ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കിയ ‘Pravega’ വിവിധ തരം പരീക്ഷണങ്ങള്‍ക്ക്  വേദിയായി. Maglev train, Electric Arc തുടങ്ങിയവ ശ്രദ്ധ നേടി.

Pravega

Pravega

Puzzles

Xplore ’13 ഭാഗമായി ഒരുപാട് Puzzles അവതരിപ്പിച്ചിരുന്നു. നമ്മുടെ കൂടെ ഉണ്ടായിരുന്ന നിബിന്‍ ഏതോ ഒരു ചെറിയ puzzle ജയിച്ചു എന്ന് പറഞ്ഞു തുടര്‍ന്നങ്ങോട്ട് എല്ലാ ഗെയിംസിലും പങ്കെടുക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും ഓര്‍ത്തു ചിരിക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ സമ്മാനിച്ച നിബിയുടെ പ്രകടനങ്ങളിലൂടെ…

Blocked with 'Unblock Me'

Blocked with ‘Unblock Me’

അവസാന ശ്രമം!

അവസാന ശ്രമം!

ഇത് ഞമ്മളെ കൊണ്ട് പറ്റൂല!

ഇത് ഞമ്മളെ കൊണ്ട് പറ്റൂല!

Xplore ’13 കാണാന്‍ ബാംഗ്ലൂരില്‍ നിന്നും വന്ന വിനീഷ് രൂപവും ഭാവവും വേഷവും  കൊണ്ട് എല്ലാരുടെയും സ്നേഹപ്രകടനത്തിനു വിധേയനായി.

Vineesh in Traditional wear!

Traditional wear!

സുഹൃത്തുക്കളോടൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ചു കുറച്ചു നിമിഷങ്ങള്‍……പഴയ ഓര്‍മ്മകള്‍ പുതുക്കി, ഇനിയും ഇത് പോലെ കണ്ടു മുട്ടാം എന്ന് പറഞ്ഞു ഞങ്ങള്‍ ക്യാമ്പസില്‍ നിന്ന് തിരിച്ചു പോന്നു.

ശാസ്ത്ര സാങ്കേതിക അഭിരുചിയുള്ള ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഇത്തരം ടെക്നിക്കല്‍ ഫെസ്റ്റ് കാരണമാകും എന്നുള്ളതില്‍ സംശയമില്ല. Xplore 13 വിശേഷങ്ങള്‍ കണ്ടറിയാന്‍ എത്തിച്ചേര്‍ന്ന ജനസമൂഹം ഇത് സാക്ഷ്യപ്പെടുത്തുന്നു. Xplore 13 വമ്പിച്ച വിജയമാക്കി തീര്‍ത്ത സംഘാടന മികവിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിര്‍ത്തട്ടെ!

(ഒരുപാട് വിശേഷങ്ങള്‍ കണ്ടതില്‍ കുറെയൊക്കെ എഴുതാന്‍ വിട്ടുപോയിട്ടുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ ഇത് വായിക്കുന്നവര്‍ കൂട്ടിച്ചേര്‍ക്കുക!)

Advertisements

വിശുദ്ധ കുര്‍ബാന!!!

“കോമഡിക്ക് കഥ വേണ്ട… സിറ്റുവേഷന്‍ മാത്രം മതി” എന്ന് പറഞ്ഞത് ശരിയാണ്.
എനിക്ക് പറ്റിയ അബദ്ധങ്ങള്‍ മാത്രം കുറിച്ചിട്ടാല്‍ തന്നെ ഈ ബ്ലോഗ്‌ സജീവമായി
നിലനിര്‍ത്തിക്കൊണ്ടു പോകാം എന്ന സത്യവും ഞാന്‍ മനസിലാക്കുന്നു.
ഈ കഴിഞ്ഞ ക്രിസ്ത്മസ് രാത്രി സംഭവിച്ച ഒരു അനുഭവത്തിന്‍റെ സത്യസന്ധമായ
വിവരണമാണ് ചുവടെ….

Holy Qurbana

Holy Qurbana


2012 
ഡിസംബര്‍ 25, 12.30 AM, പറവൂര്‍ കവല!

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്ത്മസിനെ വരവേല്‍ക്കാന്‍ പള്ളിയിലും
മറ്റുമായി പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്നു. കൊച്ചു കുട്ടികളും മുതിര്‍ന്നവരും
പടക്കങ്ങള്‍ പൊട്ടിച്ചും സമ്മാനങ്ങള്‍ കൈമാറിയും ആഹ്ലാദ തിമിര്‍പ്പിലാണ്.
ഈ സമയം “ബാവൂട്ടിയുടെ നാമത്തില്‍“സെക്കന്റ്‌ ഷോ കഴിഞ്ഞു ഞാനും
എന്‍റെ പ്രിയപ്പെട്ട സുഹൃത്തും റൂമിലേക്ക് തിരിച്ചു വരുന്നു (നല്ല മുഖശ്രീ ഉള്ളത് കൊണ്ട്  അവനെ നമുക്ക് “ശ്രീ” എന്ന് വിളിക്കാം!)

പറവൂര്‍ കവല എത്തിയപ്പോള്‍ ഫ്രഷ് ലൈം കുടിക്കാന്‍
വണ്ടി നിര്‍ത്തി. അപ്പോള്‍ തൊട്ടടുത്തുള്ള പള്ളിയില്‍ നിന്ന് ക്രിസ്ത്യന്‍ വിശുദ്ധ
ഗാനങ്ങള്‍ ചെറുതായി കേള്‍ക്കുന്നുണ്ടായിരുന്നു. നിരനിരയായി പള്ളിയിലേക്ക്
പോകുന്നവര്‍ക്കിടയില്‍ കുറച്ചു പെണ്‍കുട്ടികളെ കണ്ടത് കൊണ്ടാണോ എന്നറിയില്ല, ശ്രീ എന്നോട് ചോദിച്ചു “എടാ…പള്ളിയില്‍ പാതിരാക്കുര്‍ബാന നടക്കാന്‍
പോകുവാണ് …നമുക്കും പോയാലോ?”

ഞാന്‍ വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം ഒരുമണിയോടടുക്കുന്നു. ഞാന്‍ ഒഴിവു
കഴിവുകള്‍ പറയാന്‍ ശ്രമിച്ചു – “ഉറക്കം വരുന്നു…നാളെ രാവിലെ എണീറ്റ് ഓഫീസില്‍ പോകാനുള്ളതാ….”
എന്നിങ്ങനെയൊക്കെ പറഞ്ഞു നോക്കിയെങ്കിലും ശ്രീ വകവെച്ചില്ല.
അവസാനം “ഞാന്‍ ഇതുവരെ പള്ളിയില്‍ കേറിയിട്ടില്ല…” എന്ന് പറഞ്ഞപ്പോള്‍ ശ്രീ പറയുവാണ്….
“ഞാന്‍ തിരുവനന്തപുരത്ത് പഠിച്ചു കൊണ്ടിരുന്ന സമയത്ത് കയറാത്ത പള്ളികളില്ല….
എനിക്കറിയാത്ത ആചാരങ്ങളുമില്ല… ആത്യന്തികമായി എല്ലാ മതങ്ങളും ലക്ഷ്യമിടുന്നത് ജനങ്ങളുടെ നന്മയാണ്…!” എന്ന് കൂടി
അവന്‍ പറഞ്ഞപ്പോള്‍ പ്രവാചകനെ നേരിട്ടു കണ്ട പോലെ ഞാന്‍ അദ്ഭുതത്തോടെ നോക്കി നിന്നു. (അപ്പോഴും എന്‍റെ  മനസ്സില്‍ ‘വന്ദനം‘ സിനിമയില്‍ മുകേഷ് പള്ളിയില്‍ കയറിയിട്ട് നാട്ടുകാരുടെ
തല്ലുകൊണ്ടപ്പോളുള്ള  “അളിയാ…!” എന്ന നിലവിളി മാത്രമായിരുന്നു).

ഒടുവില്‍ ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് നടന്നു. അവിടെ ക്രിസ്തീയ ഗാനങ്ങളുടെ അകമ്പടിയോടു കൂടെ ക്രിസ്ത്മസ് സന്ദേശം
നല്‍കുകയായിരുന്നു വികാരിയച്ചന്‍.കാലിത്തൊഴുത്തില്‍ ഉണ്ണിയേശു ഭൂജാതാനായതും പിന്നീടങ്ങോട്ടുണ്ടായ
പീഡാനുഭവങ്ങളും ഞങ്ങള്‍ ഓര്‍മ പുതുക്കി. പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നും നക്ഷത്രം പുല്‍ക്കൂടിനരികിലെക്ക്
താഴ്ന്നു വരുന്നതും കണ്ടു. ഒടുവില്‍ ഞങ്ങള്‍ പള്ളിക്ക് ചുറ്റും മത്താപ്പൂ ഒക്കെ കത്തിച്ചു മൂന്നു തവണ വലം വെച്ചു.
കൈയില്‍ മത്താപ്പൂ ഒക്കെ എടുത്തു ഒരു കൊച്ചു കുട്ടിയെ പോലെ സന്തോഷിക്കുന്നതിനിടയിലും ശ്രീയുടെ കണ്ണുകള്‍
ആരെയൊക്കെയോ പരതുന്നത് ഞാന്‍ കണ്ടു…!

1.30 AM

അങ്ങനെ ഞങ്ങള്‍ പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു. ശ്രീ എന്നെയും കൂട്ടി നല്ല ഒരു സ്ഥലം നോക്കി നടന്നു. ഒടുവില്‍ പറ്റിയ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. (എന്തിനാണ് അവിടെ തന്നെ ഇരുന്നതെന്ന് പിന്നീടാണ് എനിക്ക് മനസിലായത്!) . അവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ,”ആരും ഉറങ്ങരുത്” എന്ന മുന്നറിയിപ്പോടെ വികാരിയച്ചന്‍ പ്രഭാഷണം ആരംഭിച്ചു. ഞാന്‍ നിര്‍നിമേഷനായി തിരുവചനങ്ങള്‍ ഏറ്റു ചൊല്ലി പ്രഭാഷണം ശ്രദ്ധിച്ചിരുന്നു. പിന്നെ ചുറ്റും കൂടി നില്‍ക്കുന്നവര്‍ ചെയുന്നത് പോലെയൊക്കെ ഞങ്ങളും ചെയ്തു. ( ശ്രീ അതിനിടയിലും എങ്ങോട്ടൊക്കെയോ നോക്കുന്നുണ്ടായിരുന്നു!)

പ്രഭാഷണം അവസാനിപ്പിച്ചതിന് ശേഷം അടുത്ത ചടങ്ങിനുള്ള ഒരുക്കമാണെന്ന് മനസിലായി. സദസിന്റെ ഏതാണ്ട് മദ്ധ്യ ഭാഗത്താണ് ഞങ്ങള്‍ നിന്നിരുന്നത്. എല്ലാവരും നടപ്പാതയ്ക്ക് അഭിമുഖമായി നിന്നു (ഞങ്ങളും!!!). വികാരിയച്ചന്‍ തന്‍റെ കയ്യിലുള്ള പാത്രത്തില്‍ നിന്ന് വെളുത്ത നിറത്തില്‍ വൃത്താകൃതിയിലുള്ള ഒരു വസ്തു (എന്‍റെ അറിവില്ലായ്മ കൊണ്ടാണ്…ക്ഷമിക്കുക !!!!) എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട്.

അങ്ങനെ എന്‍റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ശ്രീയുടെ ഊഴമെത്തി. അവന്‍ ഇത് കയ്യില്‍ വാങ്ങി വികാരിയച്ചനെ തന്നെ നോക്കി നിന്നു. ശ്രീയുടെ പരുങ്ങല്‍ കണ്ടപ്പോള്‍ ജനിച്ചിട്ട് ഇത് വരെ പള്ളിയില്‍ കേറിയിട്ടില്ലാത്ത ടീമാണ് എന്ന് വികാരിയച്ചന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കി. കൂടെ ഒരു ചോദ്യവും….”ക്രിസ്ത്യാനി അല്ലാല്ലേ..?”

“അല്ല..!”  വളരെ വിനയത്തോടെ ശ്രീ പറഞ്ഞു.
ഉടന്‍ തന്നെ വികാരിയച്ചന്‍ അത് തിരികെ വാങ്ങിച്ചു.

എന്‍റെ തൊട്ടു മുന്നില്‍ ഇതൊക്കെ നടക്കുമ്പോള്‍ ‘ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല’ എന്നുള്ള രീതിയില്‍ എന്തോ ആലോചനയില്‍ മുഴുകി നില്‍ക്കുകയായിരുന്നു ഞാന്‍. അടുത്തത് എന്‍റെ  ഊഴമായി. കൂടുതലൊന്നും സംഭവിച്ചില്ല …ശ്രീ പരുങ്ങിയതിനെക്കാള്‍ നന്നായി ഞാന്‍ പരുങ്ങി. പക്ഷെ എന്‍റെ  ആ നില്‍പും ഭാവവും കണ്ടാവണം എന്നോട് ഇംഗ്ലീഷിലാണ് ചോദിച്ചത്…
“ആര്‍ യു എ ക്രിസ്ത്യന്‍?”
“നോ…” ഞാന്‍ മൊഴിഞ്ഞു.
പക്ഷെ എന്‍റെ കയ്യില്‍ നിന്ന് അത് തിരികെ വാങ്ങാന്‍ വികാരിയച്ചന്‍ മറന്നു പോയിരുന്നു. എനിക്ക് ആകെ ടെന്‍ഷന്‍ കേറി തുടങ്ങിയിരുന്നു. ഞാന്‍ അത് കൈയില്‍ തന്നെ മുറുകെ പിടിച്ചു ഒന്നുമറിയാത്ത പോലെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സിസ്റ്റര്‍ എന്‍റെ അടുത്തേക് വന്നു. എന്നിട്ട് ഒരു ചോദ്യം –
“നേര്‍ച്ച ഉണ്ടോ കൈയില്‍?”
ഉണ്ട് എന്നാണോ ഇല്ല എന്നാണോ ഉത്തരം പറയേണ്ടത് എന്ന് ആലോചിക്കാനുള്ള സമയം പോലും അവര്‍ എനിക്ക് തന്നില്ല. അതിനു മുന്നേ അവര്‍ തന്നെ എന്‍റെ കൈ തുറന്നു – നേര്‍ച്ച എടുത്തു —
എന്നിട്ട് ഇങ്ങനെ ചോദിച്ചു — “ക്രിസ്ത്യാനി അല്ലാല്ലേ…?”
“അല്ല..!”
ഈ സമയം ചുറ്റും കൂടി നിന്നവര്‍ ഞങ്ങളെ ഒരു വല്ലാത്ത രീതിയില്‍ നോക്കുന്നുണ്ടായിരുന്നു. എറ്റവും കൂടുതല്‍ ‘ഡസ്പ്’ ആയതു ശ്രീ ആയിരുന്നു. അവന്‍ അത്രേം നേരം വല്യ പുള്ളി ആണെന്നുള്ള ഭാവത്തില്‍ നില്‍ക്കുവാരുന്നു. ചുറ്റും കൂടി നിന്ന പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് ഈ ഗതി വന്നല്ലോ എന്നതായിരുന്നു അവന്‍റെ സങ്കടം. എല്ലാവര്‍ക്കും വിതരണം ചെയ്തു തിരിച്ചു പോകും വഴി വികാരിയച്ചന്‍ “ക്രിസ്ത്മസ് ആയതു കൊണ്ട് നിന്നെയൊക്കെ വെറുതെ വിടുന്നു!!” എന്ന ഭാവത്തില്‍ എന്നെ കടുപ്പിച്ചൊന്നു നോക്കി.

2.15 AM

എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയാല്‍ മതി എന്ന അവസ്ഥയില്‍ ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും. എങ്കിലും ഒരു അര മണിക്കൂര്‍ കൂടി അവിടെ നിന്ന് കുര്‍ബാന മുഴുവനായതിനു ശേഷമാണ് ഞങ്ങള്‍ മടങ്ങിയത്.
തിരിച്ചു പോകും വഴി എനിക്ക് ശ്രീയോട് ഇങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു — “നീ സ്ഥിരമായി പോകാറുള്ള തിരുവനന്തപുരത്തെ പളളികളിലൊന്നും ഇത്തരം ചടങ്ങുകള്‍ മുമ്പ് കണ്ടിട്ടില്ലേ?” പിന്നെ ബൈക്കില്‍ നിന്ന് ഇറക്കി വിട്ടാലോ എന്ന് പേടിച്ചിട്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.

റൂമിലെത്തി ഈ സംഭവം വിവരിച്ചപ്പോള്‍ എല്ലാവരും ആദ്യം ചോദിച്ചത് “നിങ്ങള്‍ക്ക് മുന്നിലുള്ളവര്‍ എന്താണ് ചെയുന്നത് എന്നു നോക്കിയില്ലേ..?” എന്നായിരുന്നു. അതിനു വ്യക്തമായ ഒരു മറുപടി പറയാന്‍ എനിക്ക് പറ്റിയില്ല എന്നതാണ് സത്യം!

ഞാന്‍ ശ്രീയോട് ഒരു സംശയം പ്രകടിപ്പിച്ചു – “ഒരു അപ്പം കൊണ്ട് ആയിരം പേരുടെ വിശപ്പ് മാറ്റിയ യേശുവിന്‍റെ തിരുപ്പിറവി ദിവസം ആയതു കൊണ്ട് ഇനി അത് അപ്പമായിരിക്കുമോ നമുക്ക് തന്നത്?”

അപ്പോള്‍ അവനു വന്‍ പുച്ഛം – “നീ എങ്ങാനും അത് എടുത്തു വായില്‍ ഇട്ടിരുന്നെങ്കില്‍ നാട്ടുകാര്‍ കൈ വെച്ചേനെ…അത് എടുത്ത ഉടനെ തിരിച്ചു പത്രത്തില്‍ ഇടുകയായിരുന്നു വേണ്ടത്…നമ്മള്‍ അങ്ങനെ ചെയ്യാഞ്ഞത് കൊണ്ടാണ് വികരിയച്ചന് സംശയം തോന്നിയത്..!!!”

വാല്‍ കഷ്ണം:

പിന്നീട് ഞാന്‍ ഇതിനെ കുറിച്ചൊക്കെ അറിയാവുന്ന ക്രിസ്ത്യന്‍ സുഹൃത്തുകളോട് സംശയ നിവാരണം നടത്തി. നമുക്ക് തന്നത് അപ്പം തന്നെ ആയിരുന്നു എന്നും, എന്തിനാണ് സിസ്റ്റര്‍ വന്നു എന്‍റെ കയ്യില്‍ നിന്നും വിശുദ്ധ അപ്പം തിരിച്ചു വാങ്ങിച്ചതെന്നും മനസിലായി. അപ്പോഴും ഒരു സംശയം മാത്രം ബാക്കി – എന്തിനായിരുന്നു തിരു വസ്ത്രമണിഞ്ഞ ഒരു ചെറിയ കുട്ടി ഒരു പാത്രം അപ്പം കൈമാറുന്നതിന്‍റെ തൊട്ടു താഴെയായി പിടിച്ചു നിന്നത്?

“വിശുദ്ധ അപ്പം ഒരു തരി പോലും നിലത്തു പോവാതിരിക്കാന്‍…” എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി.

പള്ളിയില്‍ വെച്ച് ഞാന്‍ കരുതിയത് നമുക്ക് തരുന്നതിനു പകരമായി നമ്മള്‍ കാശ് ആ പാത്രത്തില്‍ ഇടണം എന്നായിരുന്നു…പോക്കറ്റില്‍ നിന്ന് പേഴ്സ് എടുക്കാന്‍ തുനിഞ്ഞതുമാണ്…ഭാഗ്യത്തിന് അങ്ങനെ ചെയ്തില്ല. അതും കൂടി ചെയ്തിരുന്നെങ്കില്‍ നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലുന്ന രംഗം മനസ്സില്‍ മിന്നി മറഞ്ഞു….!

അളിയാ….!!” എന്നൊരു നിലവിളി ഉള്ളില്‍ എവിടെയോ മുഴങ്ങി!!!

നായരും വാര്യരും പിന്നെ റീമ കല്ലിങ്കലും !!!

നായര്‍ അതീവ സുന്ദരനാണ്. നല്ല വെളുത്തു തുടുത്ത മുഖം….ഒത്ത ശരീരം….ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും (അതിന്‍റെ ഒരിത്തിരി അഹങ്കാരവും നായര്‍ക്ക് ഉണ്ട്). ഒരു കാലത്ത് കോളേജ് കുമാരിമാരുടെ ഇഷ്ട കാമുകന്‍ ആയിരുന്ന നായരുടെ സ്ത്രീ സങ്കല്പങ്ങളും സാധാരണക്കാരുടെതില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. തന്‍റെ നിലവാരത്തിന് ചേര്‍ന്ന പെണ്‍കുട്ടികള്‍ കേരളത്തില്‍ തന്നെ കുറവാണു എന്നാണ് നായര്‍ പൊതുവെ പറയാറ്. മലയാള സിനിമയെ  സൂക്ഷ്മമായി നിരീക്ഷിക്കുന്ന നായര്‍ക്ക് പൊതുവെ ഇവിടത്തെ നടിമാരെ കുറിച്ചൊന്നും വലിയ മതിപ്പില്ല. എങ്കിലും നായര്‍ റീമ കല്ലിങ്കലിന്‍റെ ഒരു കടുത്ത ആരാധകനാണ്. ഇന്‍റര്‍നെറ്റില്‍ ലഭ്യമായ റീമയുടെ എല്ലാ ഫോട്ടോസും തന്‍റെ ലാപ്ടോപ്പില്‍ ഉണ്ട് എന്നാണ്  നായര്‍ അവകാശപ്പെടുന്നത്.

റീമ അഭിനയിച്ച പരസ്യങ്ങള്‍ വരുമ്പോള്‍ ചാനല്‍ മാറ്റാന്‍ സമ്മതിക്കാതിരിക്കുക, റീമ ഗസ്റ്റ്‌ റോളില്‍ അഭിനയിച്ച സിനിമകള്‍ പോലും  തിയേറ്ററില്‍ പോയി കണ്ടു ഹിറ്റ്‌ ആക്കാന്‍ ശ്രമിക്കുക…ഇതൊക്കെ നായരുടെ സ്ഥിരം പരിപാടികളാണ്. റീമയെ കുറിച്ച് ആരെങ്കിലും അനാവശ്യം പറഞ്ഞാല്‍ അവന്‍ നായരുടെ കൈയുടെ ചൂടറിയും (രോഹിത് ഉണ്ണിമാധവന് അനുഭവം ഉണ്ട്!!)

ഇനി വാര്യരെ കുറിച്ച്….വാര്യര്‍ വളരെ അധികം വിശാലമനസ്കനും സര്‍വ്വോപരി ഒരു തികഞ്ഞ മനുഷ്യസ്നേഹിയുമാണ്. എല്ലാ കാര്യങ്ങള്‍ക്കും വാര്യര്‍ മുന്നില്‍ ഉണ്ടാകും. സുഹൃത്തുക്കളുടെ ഏതു കാര്യവും സ്വന്തം കാര്യം പോലെ കണ്ടു സഹായ ഹസ്തവുമായി വാര്യര്‍ കൂടെത്തന്നെ ഉണ്ടാകും. (സത്യം പറഞ്ഞാല്‍ നായര്‍ക്ക് ‘പെണ്‍കുട്ടികള്‍’ പോലെ ആണ് വാര്യര്‍ക്ക് സുഹൃത്തുക്കള്‍!!!!). പിന്നെ നേരത്തെ പറഞ്ഞ സ്ത്രീ സങ്കല്പങ്ങളില്‍ രണ്ടുപേരും സമാന ചിന്താഗതിക്കാരാണ്. അത് കൊണ്ട് തന്നെ നായരും വാര്യരും തമ്മില്‍ നല്ല ഒരു മാനസിക അടുപ്പം ഉണ്ട്.

പൊതുവെ പത്രം വായിക്കുന്ന ശീലം ഇല്ലാത്ത നായര്‍, ഒരു ദിവസം രാവിലെ മസാല ദോശ പാര്‍സല്‍ കൊണ്ട് വന്ന “ഹിന്ദു ” പത്രത്തിലെ വാര്‍ത്ത‍ കണ്ടു ഞെട്ടി. തന്‍റെ സ്വപ്നസുന്ദരി ഒരു എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ ഹോട്ടല്‍ ‘അബാദ് പ്ലാസ’ യില്‍ എത്തുന്നു.

Rima Kallingal Soul Sisters

Rima Kallingal – Soul Sisters

പിന്നെ തീരുമാനം എടുക്കാന്‍ ഒട്ടും താമസം ഉണ്ടായില്ല. പോകാന്‍ തന്നെ തീരുമാനിച്ചു. കൂടെ പോകാന്‍ ആരെ വിളിക്കണം എന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തെളിഞ്ഞത് വാര്യരുടെ മുഖം.  ആവശ്യം അറിയിച്ചപ്പോള്‍ വാര്യര്‍ക്കും വളരെ സന്തോഷം.  അങ്ങനെ വാര്യരുടെ ബൈക്ക് ‘അബാദ് പ്ലാസ’ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

Continue reading

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍!

“ഇത്രേ ഉള്ളു ഒരു ബ്ലോഗ്‌ തുടങ്ങാന്‍ ” എന്നു മനസിലാക്കി തന്ന രോഹിത്ത്‌ ഉണ്ണിമാധവനും, ഇതിനു ഒരു കാരണമായ വിനേഷ് ബാലനും നന്ദി പറഞ്ഞു കൊണ്ട്‌ തുടങ്ങട്ടെ…ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന ചിന്ത മനസ്സില്‍ തോന്നിയത് എപോഴാണെന്നു ഓര്‍മയില്ല. ബ്ലോഗിന് എന്ത് പേരിടണം, എന്തിനെ കുറിച്ചു ബ്ലോഗ്‌ എഴുതണം എന്നീ കാര്യങ്ങളില്‍ തീരുമാനമാകാതെ കാലം കുറെ പോയി. ഇത്തിരി ടെക്നിക്കല്‍ ആയാലോ എന്ന് ആലോചിച്ചു. പിന്നെ വല്യ വിവരം ഇല്ലാത്തതു  കൊണ്ടും, ഒന്നോ രണ്ടോ പോസ്റ്റുകള്‍ കൊണ്ട് തന്നെ അവസാനിപ്പിക്കേണ്ടി വരും എന്നതു കൊണ്ടും വേണ്ടെന്നു വെച്ചു.

ഇംഗ്ലീഷ് ഫിലിമുകള്‍, നോവല്‍ രീടിംഗ്, കമ്പ്യൂട്ടര്‍ ഗെയിംസ് ഇതിനെ കുറിച്ചൊന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി. പിന്നെ സ്വന്തം തട്ടകമായ മലയാളം സിനിമകളെ കുറിച്ച് ആയാലോ എന്ന് കരുതി. ആദ്യ പോസ്റ്റ്‌ സ്വന്തം കൈ കൊണ്ട് ഇടണം എന്ന ആഗ്രഹം രോഹിത് ഉണ്ണിമാധവന്‍ കുളമാക്കി ( ഈശ്വരാ ദൈവമേ അവനു നല്ലത് മാത്രം വരുത്തണേ! ). മലയാള സിനിമയും ഞാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുമ്പോള്‍, രണ്ടു മലയാളം സിനിമകള്‍ക്ക് ഞാന്‍ റിവ്യൂ എഴുതിയിടുണ്ട് (അതിന്റെ ലിങ്ക് ചോദിക്കരുത്,തരില്ല!). പിന്നെ പല സിനിമകളും ഒന്നില്‍ കൂടുതല്‍ തവണ കണ്ടത് കൊണ്ട് മിക്കവാറും ഡയലോഗുകള്‍ മനസ്സില്‍ പതിഞ്ഞു പോയിട്ടുണ്ട്. സീരിയസ് ആയ കാര്യങ്ങള്‍ പറയുമ്പോള്‍ പോലും ഈ സിനിമ ഡയലോഗുകള്‍ ഞാന്‍ പോലും അറിയാതെ എന്റെ സംസാരത്തില്‍ കടന്നു വരുന്നു (ഇത് ഒരു രോഗമാണോ ഡോക്ടര്‍?).

സ്വന്തമായി ഒരു ഡയലോഗ് പോലും ഇല്ലാത്തവന്‍ എന്ന് പറഞ്ഞു എല്ലാരും കളിയാക്കിയപ്പോഴും ഞാന്‍ വക വെച്ചില്ല . ആവശ്യത്തിനും അനാവശ്യത്തിനും ഞാന്‍ ഇങ്ങനെ സിനിമ ഡയലോഗുകള്‍ പറയാന്‍ തുടങ്ങിയപ്പോള്‍ മേല്‍ പറഞ്ഞ  രോഹിത്ത്‌ ഉണ്ണിമാധവനും സംഘവും ഞാന്‍ പറയുന്ന എല്ലാ  ഡയലോഗുകളും എണ്ണാന്‍ തുടങ്ങി. (സത്യം പറയാമല്ലോ എനിക്ക് രോഹിത്ത്‌ ഉണ്ണിമാധവനെ ഭയങ്കരം പേടിയാ!). അമ്പത് ഡയലോഗുകള്‍ തികച്ചപ്പോള്‍ ഈ ഗുണ്ടകള്‍ എന്നെ തല്ലിയതിന്റെ വേദന ഇപ്പോഴും പോയിട്ടില്ല. ഇപ്പൊ ഡയലോഗുകളുടെ എണ്ണം തൊണ്ണൂറ്റി ഒമ്പത് ആയത്രേ (ഇവന്മാര്‍ക്ക്എണ്ണാനും അറിഞ്ഞൂടെ?!).

അടുത്ത ഒരു ഡയലോഗ് കൂടെ പറഞ്ഞാല്‍ അവര്‍ എന്നെ തല്ലി  കൊല്ലും എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശെരിക്കും പേടിച്ചു. (പണ്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ജനറല്‍ ടിക്കറ്റ്‌ എടുക്കാന്‍ കാശില്ലാതെ തെണ്ടി നടന്ന ഈ രോഹിതിനെ ഞാനാണ്‌ ടിക്കറ്റ്‌ എടുത്തു കൊടുത്തു സമാധാനിപ്പിച്ചു ട്രെയിന്‍ കേറ്റി വിട്ടത്. ആ രോഹിത് ആണ് എന്നോട് ഈ ചതി ചെയ്തത്…ആ അത് ഞാന്‍ ചോദിച്ചോളാം!!). എന്തായാലും ഈ വിലക്ക് വന്നതോട് കൂടി ഞാന്‍ ഇപോ അധികം സംസാരിക്കാറില്ല. കൂടുതല്‍ സമയവും എന്റെ മൊബൈലും (അതിനെ കുറിച്ച് ഒരു പോസ്റ്റ്‌ എഴുതാന്‍ മാത്രം ഉണ്ട്) നോക്കി ഇരിപ്പാ.

ഇനിയും ഈ വിലക്ക് എടുത്തു മാറ്റാന്‍ ഇവര്‍ തയ്യാറായില്ലെങ്കില്‍ ഞാന്‍ ഈ ബ്ലോഗിലൂടെ ശക്തമായി പ്രതികരിക്കും നോക്കിക്കോ! എന്റെ ഫേവറിറ്റ് ഡയലോഗുകള് അടുത്ത പോസ്റ്റില്‍ പറയാം.

അഭിപ്രായ പ്രകടന സ്വതന്ത്രത്തെ കൂച്ചുവിലങ്ങ് ഇടാനുള്ള നടപടിയില്‍ നിന്നും ഈ ധിക്കാരികള്‍ പിന്മാറും എന്ന ശുഭ പ്രതീക്ഷയോടെ നിര്‍ത്തട്ടെ (പാപിക്ക്‌ പശ്ചാത്തപിക്കാന്‍ ഒരു ചെറു പഴുത് കൂടി കൊടുക്കാം…!)