“കോമഡിക്ക് കഥ വേണ്ട… സിറ്റുവേഷന് മാത്രം മതി” എന്ന് പറഞ്ഞത് ശരിയാണ്.
എനിക്ക് പറ്റിയ അബദ്ധങ്ങള്‍ മാത്രം കുറിച്ചിട്ടാല്‍ തന്നെ ഈ ബ്ലോഗ് സജീവമായി
നിലനിര്‍ത്തിക്കൊണ്ടു പോകാം എന്ന സത്യവും ഞാന്‍ മനസിലാക്കുന്നു.
ഈ കഴിഞ്ഞ ക്രിസ്ത്മസ് രാത്രി സംഭവിച്ച ഒരു അനുഭവത്തിന്റെ സത്യസന്ധമായ
വിവരണമാണ് ചുവടെ….
2012 ഡിസംബര്‍ 25, 12.30 AM, പറവൂര്‍ കവല!
ലോകമെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്ത്മസിനെ വരവേല്‍ക്കാന്‍ പള്ളിയിലും
മറ്റുമായി പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്നു. കൊച്ചു കുട്ടികളും മുതിര്‍ന്നവരും
പടക്കങ്ങള്‍ പൊട്ടിച്ചും സമ്മാനങ്ങള്‍ കൈമാറിയും ആഹ്ലാദ തിമിര്‍പ്പിലാണ്.
ഈ സമയം “ബാവൂട്ടിയുടെ നാമത്തില്‍“സെക്കന്റ് ഷോ കഴിഞ്ഞു ഞാനും
എന്റെ പ്രിയപ്പെട്ട സുഹൃത്തും റൂമിലേക്ക് തിരിച്ചു വരുന്നു (നല്ല മുഖശ്രീ ഉള്ളത് കൊണ്ട് അവനെ നമുക്ക് “ശ്രീ” എന്ന് വിളിക്കാം!)
പറവൂര്‍ കവല എത്തിയപ്പോള്‍ ഫ്രഷ് ലൈം കുടിക്കാന്‍
വണ്ടി നിര്‍ത്തി. അപ്പോള്‍ തൊട്ടടുത്തുള്ള പള്ളിയില്‍ നിന്ന് ക്രിസ്ത്യന്‍ വിശുദ്ധ
ഗാനങ്ങള്‍ ചെറുതായി കേള്‍ക്കുന്നുണ്ടായിരുന്നു. നിരനിരയായി പള്ളിയിലേക്ക്
പോകുന്നവര്‍ക്കിടയില്‍ കുറച്ചു പെണ്‍കുട്ടികളെ കണ്ടത് കൊണ്ടാണോ എന്നറിയില്ല, ശ്രീ എന്നോട് ചോദിച്ചു “എടാ…പള്ളിയില്‍ പാതിരാക്കുര്‍ബാന നടക്കാന്‍
പോകുവാണ് …നമുക്കും പോയാലോ?”
ഞാന്‍ വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം ഒരുമണിയോടടുക്കുന്നു. ഞാന്‍ ഒഴിവു
കഴിവുകള്‍ പറയാന്‍ ശ്രമിച്ചു – “ഉറക്കം വരുന്നു…നാളെ രാവിലെ എണീറ്റ് ഓഫീസില്‍ പോകാനുള്ളതാ….”
എന്നിങ്ങനെയൊക്കെ പറഞ്ഞു നോക്കിയെങ്കിലും ശ്രീ വകവെച്ചില്ല.
അവസാനം “ഞാന്‍ ഇതുവരെ പള്ളിയില്‍ കേറിയിട്ടില്ല…” എന്ന് പറഞ്ഞപ്പോള്‍ ശ്രീ പറയുവാണ്….
“ഞാന്‍ തിരുവനന്തപുരത്ത് പഠിച്ചു കൊണ്ടിരുന്ന സമയത്ത് കയറാത്ത പള്ളികളില്ല….
എനിക്കറിയാത്ത ആചാരങ്ങളുമില്ല… ആത്യന്തികമായി എല്ലാ മതങ്ങളും ലക്ഷ്യമിടുന്നത് ജനങ്ങളുടെ നന്മയാണ്…!” എന്ന് കൂടി
അവന് പറഞ്ഞപ്പോള്‍ പ്രവാചകനെ നേരിട്ടു കണ്ട പോലെ ഞാന്‍ അദ്ഭുതത്തോടെ നോക്കി നിന്നു. (അപ്പോഴും എന്റെ മനസ്സില്‍ ‘വന്ദനം‘ സിനിമയില്‍ മുകേഷ് പള്ളിയില്‍ കയറിയിട്ട് നാട്ടുകാരുടെ
തല്ലുകൊണ്ടപ്പോളുള്ള “അളിയാ…!” എന്ന നിലവിളി മാത്രമായിരുന്നു).
ഒടുവില്‍ ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് നടന്നു. അവിടെ ക്രിസ്തീയ ഗാനങ്ങളുടെ അകമ്പടിയോടു കൂടെ ക്രിസ്ത്മസ് സന്ദേശം
നല്‍കുകയായിരുന്നു വികാരിയച്ചന്.കാലിത്തൊഴുത്തില്‍ ഉണ്ണിയേശു ഭൂജാതാനായതും പിന്നീടങ്ങോട്ടുണ്ടായ
പീഡാനുഭവങ്ങളും ഞങ്ങള്‍ ഓര്മ പുതുക്കി. പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നും നക്ഷത്രം പുല്ക്കൂടിനരികിലെക്ക്
താഴ്ന്നു വരുന്നതും കണ്ടു. ഒടുവില്‍ ഞങ്ങള്‍ പള്ളിക്ക് ചുറ്റും മത്താപ്പൂ ഒക്കെ കത്തിച്ചു മൂന്നു തവണ വലം വെച്ചു.
കൈയില്‍ മത്താപ്പൂ ഒക്കെ എടുത്തു ഒരു കൊച്ചു കുട്ടിയെ പോലെ സന്തോഷിക്കുന്നതിനിടയിലും ശ്രീയുടെ കണ്ണുകള്‍
ആരെയൊക്കെയോ പരതുന്നത് ഞാന്‍ കണ്ടു…!
1.30 AM
അങ്ങനെ ഞങ്ങള്‍ പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു. ശ്രീ എന്നെയും കൂട്ടി നല്ല ഒരു സ്ഥലം നോക്കി നടന്നു. ഒടുവില്‍ പറ്റിയ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. (എന്തിനാണ് അവിടെ തന്നെ ഇരുന്നതെന്ന് പിന്നീടാണ് എനിക്ക് മനസിലായത്!) . അവിടെ എത്തിച്ചേര്‍ന്ന എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ട് ,”ആരും ഉറങ്ങരുത്” എന്ന മുന്നറിയിപ്പോടെ വികാരിയച്ചന് പ്രഭാഷണം ആരംഭിച്ചു. ഞാന്‍ നിര്‍നിമേഷനായി തിരുവചനങ്ങള്‍ ഏറ്റു ചൊല്ലി പ്രഭാഷണം ശ്രദ്ധിച്ചിരുന്നു. പിന്നെ ചുറ്റും കൂടി നില്ക്കുന്നവര് ചെയുന്നത് പോലെയൊക്കെ ഞങ്ങളും ചെയ്തു. ( ശ്രീ അതിനിടയിലും എങ്ങോട്ടൊക്കെയോ നോക്കുന്നുണ്ടായിരുന്നു!)
പ്രഭാഷണം അവസാനിപ്പിച്ചതിന് ശേഷം അടുത്ത ചടങ്ങിനുള്ള ഒരുക്കമാണെന്ന് മനസിലായി. സദസിന്റെ ഏതാണ്ട് മദ്ധ്യ ഭാഗത്താണ് ഞങ്ങള്‍ നിന്നിരുന്നത്. എല്ലാവരും നടപ്പാതയ്ക്ക് അഭിമുഖമായി നിന്നു (ഞങ്ങളും!!!). വികാരിയച്ചന് തന്റെ കയ്യിലുള്ള പാത്രത്തില്‍ നിന്ന് വെളുത്ത നിറത്തില്‍ വൃത്താകൃതിയിലുള്ള ഒരു വസ്തു (എന്റെ അറിവില്ലായ്മ കൊണ്ടാണ്…ക്ഷമിക്കുക !!!!) എല്ലാവര്ക്കും കൊടുക്കുന്നുണ്ട്.
അങ്ങനെ എന്റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ശ്രീയുടെ ഊഴമെത്തി. അവന് ഇത് കയ്യില്‍ വാങ്ങി വികാരിയച്ചനെ തന്നെ നോക്കി നിന്നു. ശ്രീയുടെ പരുങ്ങല് കണ്ടപ്പോള്‍ ജനിച്ചിട്ട് ഇത് വരെ പള്ളിയില്‍ കേറിയിട്ടില്ലാത്ത ടീമാണ് എന്ന് വികാരിയച്ചന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കി. കൂടെ ഒരു ചോദ്യവും….”ക്രിസ്ത്യാനി അല്ലാല്ലേ..?”
“അല്ല..!” വളരെ വിനയത്തോടെ ശ്രീ പറഞ്ഞു.
ഉടന്‍ തന്നെ വികാരിയച്ചന് അത് തിരികെ വാങ്ങിച്ചു.
എന്റെ തൊട്ടു മുന്നില്‍ ഇതൊക്കെ നടക്കുമ്പോള്‍ ‘ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല’ എന്നുള്ള രീതിയില്‍ എന്തോ ആലോചനയില്‍ മുഴുകി നില്‍ക്കുകയായിരുന്നു ഞാന്‍. അടുത്തത് എന്റെ ഊഴമായി. കൂടുതലൊന്നും സംഭവിച്ചില്ല …ശ്രീ പരുങ്ങിയതിനെക്കാള് നന്നായി ഞാന്‍ പരുങ്ങി. പക്ഷെ എന്റെ ആ നില്പും ഭാവവും കണ്ടാവണം എന്നോട് ഇംഗ്ലീഷിലാണ് ചോദിച്ചത്…
“ആര് യു എ ക്രിസ്ത്യന്‍?”
“നോ…” ഞാന്‍ മൊഴിഞ്ഞു.
പക്ഷെ എന്റെ കയ്യില്‍ നിന്ന് അത് തിരികെ വാങ്ങാന്‍ വികാരിയച്ചന് മറന്നു പോയിരുന്നു. എനിക്ക് ആകെ ടെന്‍ഷന്‍ കേറി തുടങ്ങിയിരുന്നു. ഞാന്‍ അത് കൈയില്‍ തന്നെ മുറുകെ പിടിച്ചു ഒന്നുമറിയാത്ത പോലെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സിസ്റ്റര്‍ എന്റെ അടുത്തേക് വന്നു. എന്നിട്ട് ഒരു ചോദ്യം –
“നേര്‍ച്ച ഉണ്ടോ കൈയില്‍?”
ഉണ്ട് എന്നാണോ ഇല്ല എന്നാണോ ഉത്തരം പറയേണ്ടത് എന്ന് ആലോചിക്കാനുള്ള സമയം പോലും അവര്‍ എനിക്ക് തന്നില്ല. അതിനു മുന്നേ അവര്‍ തന്നെ എന്റെ കൈ തുറന്നു – നേര്‍ച്ച എടുത്തു —
എന്നിട്ട് ഇങ്ങനെ ചോദിച്ചു — “ക്രിസ്ത്യാനി അല്ലാല്ലേ…?”
“അല്ല..!”
ഈ സമയം ചുറ്റും കൂടി നിന്നവര്‍ ഞങ്ങളെ ഒരു വല്ലാത്ത രീതിയില്‍ നോക്കുന്നുണ്ടായിരുന്നു. എറ്റവും കൂടുതല്‍ ‘ഡസ്പ്’ ആയതു ശ്രീ ആയിരുന്നു. അവന് അത്രേം നേരം വല്യ പുള്ളി ആണെന്നുള്ള ഭാവത്തില്‍ നില്‍ക്കുവാരുന്നു. ചുറ്റും കൂടി നിന്ന പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് ഈ ഗതി വന്നല്ലോ എന്നതായിരുന്നു അവന്റെ സങ്കടം. എല്ലാവര്ക്കും വിതരണം ചെയ്തു തിരിച്ചു പോകും വഴി വികാരിയച്ചന് “ക്രിസ്ത്മസ് ആയതു കൊണ്ട് നിന്നെയൊക്കെ വെറുതെ വിടുന്നു!!” എന്ന ഭാവത്തില്‍ എന്നെ കടുപ്പിച്ചൊന്നു നോക്കി.
2.15 AM
എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയാല്‍ മതി എന്ന അവസ്ഥയില്‍ ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും. എങ്കിലും ഒരു അര മണിക്കൂര്‍ കൂടി അവിടെ നിന്ന് കുര്‍ബാന മുഴുവനായതിനു ശേഷമാണ് ഞങ്ങള്‍ മടങ്ങിയത്.
തിരിച്ചു പോകും വഴി എനിക്ക് ശ്രീയോട് ഇങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു — “നീ സ്ഥിരമായി പോകാറുള്ള തിരുവനന്തപുരത്തെ പളളികളിലൊന്നും ഇത്തരം ചടങ്ങുകള്‍ മുമ്പ് കണ്ടിട്ടില്ലേ?” പിന്നെ ബൈക്കില്‍ നിന്ന് ഇറക്കി വിട്ടാലോ എന്ന് പേടിച്ചിട്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.
റൂമിലെത്തി ഈ സംഭവം വിവരിച്ചപ്പോള്‍ എല്ലാവരും ആദ്യം ചോദിച്ചത് “നിങ്ങള്‍ക്ക് മുന്നിലുള്ളവര്‍ എന്താണ് ചെയുന്നത് എന്നു നോക്കിയില്ലേ..?” എന്നായിരുന്നു. അതിനു വ്യക്തമായ ഒരു മറുപടി പറയാന്‍ എനിക്ക് പറ്റിയില്ല എന്നതാണ് സത്യം!
ഞാന്‍ ശ്രീയോട് ഒരു സംശയം പ്രകടിപ്പിച്ചു – “ഒരു അപ്പം കൊണ്ട് ആയിരം പേരുടെ വിശപ്പ് മാറ്റിയ യേശുവിന്റെ തിരുപ്പിറവി ദിവസം ആയതു കൊണ്ട് ഇനി അത് അപ്പമായിരിക്കുമോ നമുക്ക് തന്നത്?”
അപ്പോള്‍ അവനു വന്‍ പുച്ഛം – “നീ എങ്ങാനും അത് എടുത്തു വായില്‍ ഇട്ടിരുന്നെങ്കില്‍ നാട്ടുകാര്‍ കൈ വെച്ചേനെ…അത് എടുത്ത ഉടനെ തിരിച്ചു പത്രത്തില്‍ ഇടുകയായിരുന്നു വേണ്ടത്…നമ്മള് അങ്ങനെ ചെയ്യാഞ്ഞത് കൊണ്ടാണ് വികരിയച്ചന് സംശയം തോന്നിയത്..!!!”
വാല് കഷ്ണം:
പിന്നീട് ഞാന്‍ ഇതിനെ കുറിച്ചൊക്കെ അറിയാവുന്ന ക്രിസ്ത്യന്‍ സുഹൃത്തുകളോട് സംശയ നിവാരണം നടത്തി. നമുക്ക് തന്നത് അപ്പം തന്നെ ആയിരുന്നു എന്നും, എന്തിനാണ് സിസ്റ്റര്‍ വന്നു എന്റെ കയ്യില്‍ നിന്നും വിശുദ്ധ അപ്പം തിരിച്ചു വാങ്ങിച്ചതെന്നും മനസിലായി. അപ്പോഴും ഒരു സംശയം മാത്രം ബാക്കി – എന്തിനായിരുന്നു തിരു വസ്ത്രമണിഞ്ഞ ഒരു ചെറിയ കുട്ടി ഒരു പാത്രം അപ്പം കൈമാറുന്നതിന്റെ തൊട്ടു താഴെയായി പിടിച്ചു നിന്നത്?
“വിശുദ്ധ അപ്പം ഒരു തരി പോലും നിലത്തു പോവാതിരിക്കാന്‍…” എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി.
പള്ളിയില്‍ വെച്ച് ഞാന്‍ കരുതിയത് നമുക്ക് തരുന്നതിനു പകരമായി നമ്മള് കാശ് ആ പാത്രത്തില്‍ ഇടണം എന്നായിരുന്നു…പോക്കറ്റില്‍ നിന്ന് പേഴ്സ് എടുക്കാന്‍ തുനിഞ്ഞതുമാണ്…ഭാഗ്യത്തിന് അങ്ങനെ ചെയ്തില്ല. അതും കൂടി ചെയ്തിരുന്നെങ്കില്‍ നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലുന്ന രംഗം മനസ്സില്‍ മിന്നി മറഞ്ഞു….!
“അളിയാ….!!” എന്നൊരു നിലവിളി ഉള്ളില്‍ എവിടെയോ മുഴങ്ങി!!!
Arum illeda ivde oru comment idan?
ജോസേട്ടാ …താങ്കള്‍ക്കെങ്കിലും തോന്നിയല്ലോ ഒരു കമന്റ് ഇടാന്‍..? എന്തായാലും താങ്കളുടെ ഇമെയില്‍ ഐഡി കൊള്ളാം 🙂
നല്ലോരു ദിവസമായിട്ട് തല്ലില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതി അല്ലേ?
[ഇനി വായനക്കാര്‍ക്ക് കണ്ഫ്യൂഷന് വേണ്ട, ആ ശ്രീ ഞാനല്ല കേട്ടോ] 🙂
അതെ…കുറച്ചു ദിവസത്തേക്ക് എല്ലാര്ക്കും പറഞ്ഞു ചിരിക്കാനുള്ള സംഭവം ആയിരുന്നു!