വിശുദ്ധ കുര്‍ബാന!!!

“കോമഡിക്ക് കഥ വേണ്ട… സിറ്റുവേഷന്‍ മാത്രം മതി” എന്ന് പറഞ്ഞത് ശരിയാണ്.
എനിക്ക് പറ്റിയ അബദ്ധങ്ങള്‍ മാത്രം കുറിച്ചിട്ടാല്‍ തന്നെ ഈ ബ്ലോഗ്‌ സജീവമായി
നിലനിര്‍ത്തിക്കൊണ്ടു പോകാം എന്ന സത്യവും ഞാന്‍ മനസിലാക്കുന്നു.
ഈ കഴിഞ്ഞ ക്രിസ്ത്മസ് രാത്രി സംഭവിച്ച ഒരു അനുഭവത്തിന്‍റെ സത്യസന്ധമായ
വിവരണമാണ് ചുവടെ….

Holy Qurbana

Holy Qurbana


2012 
ഡിസംബര്‍ 25, 12.30 AM, പറവൂര്‍ കവല!

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ക്രിസ്ത്മസിനെ വരവേല്‍ക്കാന്‍ പള്ളിയിലും
മറ്റുമായി പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്നു. കൊച്ചു കുട്ടികളും മുതിര്‍ന്നവരും
പടക്കങ്ങള്‍ പൊട്ടിച്ചും സമ്മാനങ്ങള്‍ കൈമാറിയും ആഹ്ലാദ തിമിര്‍പ്പിലാണ്.
ഈ സമയം “ബാവൂട്ടിയുടെ നാമത്തില്‍“സെക്കന്റ്‌ ഷോ കഴിഞ്ഞു ഞാനും
എന്‍റെ പ്രിയപ്പെട്ട സുഹൃത്തും റൂമിലേക്ക് തിരിച്ചു വരുന്നു (നല്ല മുഖശ്രീ ഉള്ളത് കൊണ്ട്  അവനെ നമുക്ക് “ശ്രീ” എന്ന് വിളിക്കാം!)

പറവൂര്‍ കവല എത്തിയപ്പോള്‍ ഫ്രഷ് ലൈം കുടിക്കാന്‍
വണ്ടി നിര്‍ത്തി. അപ്പോള്‍ തൊട്ടടുത്തുള്ള പള്ളിയില്‍ നിന്ന് ക്രിസ്ത്യന്‍ വിശുദ്ധ
ഗാനങ്ങള്‍ ചെറുതായി കേള്‍ക്കുന്നുണ്ടായിരുന്നു. നിരനിരയായി പള്ളിയിലേക്ക്
പോകുന്നവര്‍ക്കിടയില്‍ കുറച്ചു പെണ്‍കുട്ടികളെ കണ്ടത് കൊണ്ടാണോ എന്നറിയില്ല, ശ്രീ എന്നോട് ചോദിച്ചു “എടാ…പള്ളിയില്‍ പാതിരാക്കുര്‍ബാന നടക്കാന്‍
പോകുവാണ് …നമുക്കും പോയാലോ?”

ഞാന്‍ വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം ഒരുമണിയോടടുക്കുന്നു. ഞാന്‍ ഒഴിവു
കഴിവുകള്‍ പറയാന്‍ ശ്രമിച്ചു – “ഉറക്കം വരുന്നു…നാളെ രാവിലെ എണീറ്റ് ഓഫീസില്‍ പോകാനുള്ളതാ….”
എന്നിങ്ങനെയൊക്കെ പറഞ്ഞു നോക്കിയെങ്കിലും ശ്രീ വകവെച്ചില്ല.
അവസാനം “ഞാന്‍ ഇതുവരെ പള്ളിയില്‍ കേറിയിട്ടില്ല…” എന്ന് പറഞ്ഞപ്പോള്‍ ശ്രീ പറയുവാണ്….
“ഞാന്‍ തിരുവനന്തപുരത്ത് പഠിച്ചു കൊണ്ടിരുന്ന സമയത്ത് കയറാത്ത പള്ളികളില്ല….
എനിക്കറിയാത്ത ആചാരങ്ങളുമില്ല… ആത്യന്തികമായി എല്ലാ മതങ്ങളും ലക്ഷ്യമിടുന്നത് ജനങ്ങളുടെ നന്മയാണ്…!” എന്ന് കൂടി
അവന്‍ പറഞ്ഞപ്പോള്‍ പ്രവാചകനെ നേരിട്ടു കണ്ട പോലെ ഞാന്‍ അദ്ഭുതത്തോടെ നോക്കി നിന്നു. (അപ്പോഴും എന്‍റെ  മനസ്സില്‍ ‘വന്ദനം‘ സിനിമയില്‍ മുകേഷ് പള്ളിയില്‍ കയറിയിട്ട് നാട്ടുകാരുടെ
തല്ലുകൊണ്ടപ്പോളുള്ള  “അളിയാ…!” എന്ന നിലവിളി മാത്രമായിരുന്നു).

ഒടുവില്‍ ഞങ്ങള്‍ പള്ളിമുറ്റത്തേക്ക് നടന്നു. അവിടെ ക്രിസ്തീയ ഗാനങ്ങളുടെ അകമ്പടിയോടു കൂടെ ക്രിസ്ത്മസ് സന്ദേശം
നല്‍കുകയായിരുന്നു വികാരിയച്ചന്‍.കാലിത്തൊഴുത്തില്‍ ഉണ്ണിയേശു ഭൂജാതാനായതും പിന്നീടങ്ങോട്ടുണ്ടായ
പീഡാനുഭവങ്ങളും ഞങ്ങള്‍ ഓര്‍മ പുതുക്കി. പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നും നക്ഷത്രം പുല്‍ക്കൂടിനരികിലെക്ക്
താഴ്ന്നു വരുന്നതും കണ്ടു. ഒടുവില്‍ ഞങ്ങള്‍ പള്ളിക്ക് ചുറ്റും മത്താപ്പൂ ഒക്കെ കത്തിച്ചു മൂന്നു തവണ വലം വെച്ചു.
കൈയില്‍ മത്താപ്പൂ ഒക്കെ എടുത്തു ഒരു കൊച്ചു കുട്ടിയെ പോലെ സന്തോഷിക്കുന്നതിനിടയിലും ശ്രീയുടെ കണ്ണുകള്‍
ആരെയൊക്കെയോ പരതുന്നത് ഞാന്‍ കണ്ടു…!

1.30 AM

അങ്ങനെ ഞങ്ങള്‍ പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു. ശ്രീ എന്നെയും കൂട്ടി നല്ല ഒരു സ്ഥലം നോക്കി നടന്നു. ഒടുവില്‍ പറ്റിയ ഒരു സ്ഥലത്ത് ഇരിപ്പുറപ്പിച്ചു. (എന്തിനാണ് അവിടെ തന്നെ ഇരുന്നതെന്ന് പിന്നീടാണ് എനിക്ക് മനസിലായത്!) . അവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് ,”ആരും ഉറങ്ങരുത്” എന്ന മുന്നറിയിപ്പോടെ വികാരിയച്ചന്‍ പ്രഭാഷണം ആരംഭിച്ചു. ഞാന്‍ നിര്‍നിമേഷനായി തിരുവചനങ്ങള്‍ ഏറ്റു ചൊല്ലി പ്രഭാഷണം ശ്രദ്ധിച്ചിരുന്നു. പിന്നെ ചുറ്റും കൂടി നില്‍ക്കുന്നവര്‍ ചെയുന്നത് പോലെയൊക്കെ ഞങ്ങളും ചെയ്തു. ( ശ്രീ അതിനിടയിലും എങ്ങോട്ടൊക്കെയോ നോക്കുന്നുണ്ടായിരുന്നു!)

പ്രഭാഷണം അവസാനിപ്പിച്ചതിന് ശേഷം അടുത്ത ചടങ്ങിനുള്ള ഒരുക്കമാണെന്ന് മനസിലായി. സദസിന്റെ ഏതാണ്ട് മദ്ധ്യ ഭാഗത്താണ് ഞങ്ങള്‍ നിന്നിരുന്നത്. എല്ലാവരും നടപ്പാതയ്ക്ക് അഭിമുഖമായി നിന്നു (ഞങ്ങളും!!!). വികാരിയച്ചന്‍ തന്‍റെ കയ്യിലുള്ള പാത്രത്തില്‍ നിന്ന് വെളുത്ത നിറത്തില്‍ വൃത്താകൃതിയിലുള്ള ഒരു വസ്തു (എന്‍റെ അറിവില്ലായ്മ കൊണ്ടാണ്…ക്ഷമിക്കുക !!!!) എല്ലാവര്‍ക്കും കൊടുക്കുന്നുണ്ട്.

അങ്ങനെ എന്‍റെ തൊട്ടു മുന്നില്‍ നിന്നിരുന്ന ശ്രീയുടെ ഊഴമെത്തി. അവന്‍ ഇത് കയ്യില്‍ വാങ്ങി വികാരിയച്ചനെ തന്നെ നോക്കി നിന്നു. ശ്രീയുടെ പരുങ്ങല്‍ കണ്ടപ്പോള്‍ ജനിച്ചിട്ട് ഇത് വരെ പള്ളിയില്‍ കേറിയിട്ടില്ലാത്ത ടീമാണ് എന്ന് വികാരിയച്ചന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കി. കൂടെ ഒരു ചോദ്യവും….”ക്രിസ്ത്യാനി അല്ലാല്ലേ..?”

“അല്ല..!”  വളരെ വിനയത്തോടെ ശ്രീ പറഞ്ഞു.
ഉടന്‍ തന്നെ വികാരിയച്ചന്‍ അത് തിരികെ വാങ്ങിച്ചു.

എന്‍റെ തൊട്ടു മുന്നില്‍ ഇതൊക്കെ നടക്കുമ്പോള്‍ ‘ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല’ എന്നുള്ള രീതിയില്‍ എന്തോ ആലോചനയില്‍ മുഴുകി നില്‍ക്കുകയായിരുന്നു ഞാന്‍. അടുത്തത് എന്‍റെ  ഊഴമായി. കൂടുതലൊന്നും സംഭവിച്ചില്ല …ശ്രീ പരുങ്ങിയതിനെക്കാള്‍ നന്നായി ഞാന്‍ പരുങ്ങി. പക്ഷെ എന്‍റെ  ആ നില്‍പും ഭാവവും കണ്ടാവണം എന്നോട് ഇംഗ്ലീഷിലാണ് ചോദിച്ചത്…
“ആര്‍ യു എ ക്രിസ്ത്യന്‍?”
“നോ…” ഞാന്‍ മൊഴിഞ്ഞു.
പക്ഷെ എന്‍റെ കയ്യില്‍ നിന്ന് അത് തിരികെ വാങ്ങാന്‍ വികാരിയച്ചന്‍ മറന്നു പോയിരുന്നു. എനിക്ക് ആകെ ടെന്‍ഷന്‍ കേറി തുടങ്ങിയിരുന്നു. ഞാന്‍ അത് കൈയില്‍ തന്നെ മുറുകെ പിടിച്ചു ഒന്നുമറിയാത്ത പോലെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സിസ്റ്റര്‍ എന്‍റെ അടുത്തേക് വന്നു. എന്നിട്ട് ഒരു ചോദ്യം –
“നേര്‍ച്ച ഉണ്ടോ കൈയില്‍?”
ഉണ്ട് എന്നാണോ ഇല്ല എന്നാണോ ഉത്തരം പറയേണ്ടത് എന്ന് ആലോചിക്കാനുള്ള സമയം പോലും അവര്‍ എനിക്ക് തന്നില്ല. അതിനു മുന്നേ അവര്‍ തന്നെ എന്‍റെ കൈ തുറന്നു – നേര്‍ച്ച എടുത്തു —
എന്നിട്ട് ഇങ്ങനെ ചോദിച്ചു — “ക്രിസ്ത്യാനി അല്ലാല്ലേ…?”
“അല്ല..!”
ഈ സമയം ചുറ്റും കൂടി നിന്നവര്‍ ഞങ്ങളെ ഒരു വല്ലാത്ത രീതിയില്‍ നോക്കുന്നുണ്ടായിരുന്നു. എറ്റവും കൂടുതല്‍ ‘ഡസ്പ്’ ആയതു ശ്രീ ആയിരുന്നു. അവന്‍ അത്രേം നേരം വല്യ പുള്ളി ആണെന്നുള്ള ഭാവത്തില്‍ നില്‍ക്കുവാരുന്നു. ചുറ്റും കൂടി നിന്ന പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് ഈ ഗതി വന്നല്ലോ എന്നതായിരുന്നു അവന്‍റെ സങ്കടം. എല്ലാവര്‍ക്കും വിതരണം ചെയ്തു തിരിച്ചു പോകും വഴി വികാരിയച്ചന്‍ “ക്രിസ്ത്മസ് ആയതു കൊണ്ട് നിന്നെയൊക്കെ വെറുതെ വിടുന്നു!!” എന്ന ഭാവത്തില്‍ എന്നെ കടുപ്പിച്ചൊന്നു നോക്കി.

2.15 AM

എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയാല്‍ മതി എന്ന അവസ്ഥയില്‍ ആയിരുന്നു ഞങ്ങള്‍ രണ്ടു പേരും. എങ്കിലും ഒരു അര മണിക്കൂര്‍ കൂടി അവിടെ നിന്ന് കുര്‍ബാന മുഴുവനായതിനു ശേഷമാണ് ഞങ്ങള്‍ മടങ്ങിയത്.
തിരിച്ചു പോകും വഴി എനിക്ക് ശ്രീയോട് ഇങ്ങനെ ചോദിക്കണമെന്നുണ്ടായിരുന്നു — “നീ സ്ഥിരമായി പോകാറുള്ള തിരുവനന്തപുരത്തെ പളളികളിലൊന്നും ഇത്തരം ചടങ്ങുകള്‍ മുമ്പ് കണ്ടിട്ടില്ലേ?” പിന്നെ ബൈക്കില്‍ നിന്ന് ഇറക്കി വിട്ടാലോ എന്ന് പേടിച്ചിട്ട് ഞാന്‍ ഒന്നും പറഞ്ഞില്ല.

റൂമിലെത്തി ഈ സംഭവം വിവരിച്ചപ്പോള്‍ എല്ലാവരും ആദ്യം ചോദിച്ചത് “നിങ്ങള്‍ക്ക് മുന്നിലുള്ളവര്‍ എന്താണ് ചെയുന്നത് എന്നു നോക്കിയില്ലേ..?” എന്നായിരുന്നു. അതിനു വ്യക്തമായ ഒരു മറുപടി പറയാന്‍ എനിക്ക് പറ്റിയില്ല എന്നതാണ് സത്യം!

ഞാന്‍ ശ്രീയോട് ഒരു സംശയം പ്രകടിപ്പിച്ചു – “ഒരു അപ്പം കൊണ്ട് ആയിരം പേരുടെ വിശപ്പ് മാറ്റിയ യേശുവിന്‍റെ തിരുപ്പിറവി ദിവസം ആയതു കൊണ്ട് ഇനി അത് അപ്പമായിരിക്കുമോ നമുക്ക് തന്നത്?”

അപ്പോള്‍ അവനു വന്‍ പുച്ഛം – “നീ എങ്ങാനും അത് എടുത്തു വായില്‍ ഇട്ടിരുന്നെങ്കില്‍ നാട്ടുകാര്‍ കൈ വെച്ചേനെ…അത് എടുത്ത ഉടനെ തിരിച്ചു പത്രത്തില്‍ ഇടുകയായിരുന്നു വേണ്ടത്…നമ്മള്‍ അങ്ങനെ ചെയ്യാഞ്ഞത് കൊണ്ടാണ് വികരിയച്ചന് സംശയം തോന്നിയത്..!!!”

വാല്‍ കഷ്ണം:

പിന്നീട് ഞാന്‍ ഇതിനെ കുറിച്ചൊക്കെ അറിയാവുന്ന ക്രിസ്ത്യന്‍ സുഹൃത്തുകളോട് സംശയ നിവാരണം നടത്തി. നമുക്ക് തന്നത് അപ്പം തന്നെ ആയിരുന്നു എന്നും, എന്തിനാണ് സിസ്റ്റര്‍ വന്നു എന്‍റെ കയ്യില്‍ നിന്നും വിശുദ്ധ അപ്പം തിരിച്ചു വാങ്ങിച്ചതെന്നും മനസിലായി. അപ്പോഴും ഒരു സംശയം മാത്രം ബാക്കി – എന്തിനായിരുന്നു തിരു വസ്ത്രമണിഞ്ഞ ഒരു ചെറിയ കുട്ടി ഒരു പാത്രം അപ്പം കൈമാറുന്നതിന്‍റെ തൊട്ടു താഴെയായി പിടിച്ചു നിന്നത്?

“വിശുദ്ധ അപ്പം ഒരു തരി പോലും നിലത്തു പോവാതിരിക്കാന്‍…” എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി.

പള്ളിയില്‍ വെച്ച് ഞാന്‍ കരുതിയത് നമുക്ക് തരുന്നതിനു പകരമായി നമ്മള്‍ കാശ് ആ പാത്രത്തില്‍ ഇടണം എന്നായിരുന്നു…പോക്കറ്റില്‍ നിന്ന് പേഴ്സ് എടുക്കാന്‍ തുനിഞ്ഞതുമാണ്…ഭാഗ്യത്തിന് അങ്ങനെ ചെയ്തില്ല. അതും കൂടി ചെയ്തിരുന്നെങ്കില്‍ നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലുന്ന രംഗം മനസ്സില്‍ മിന്നി മറഞ്ഞു….!

അളിയാ….!!” എന്നൊരു നിലവിളി ഉള്ളില്‍ എവിടെയോ മുഴങ്ങി!!!

Advertisements

‘അന്നയും റസൂലും’ – ഒരു ന്യൂ ജെനറേഷന്‍ പ്രണയകഥ !!!

annayum rasoolum movie review

ആദ്യമേ തന്നെ പറയട്ടെ…ഇതൊരു മൂവി റിവ്യൂ അല്ല….’അന്നയും റസൂലും’ എന്ന സിനിമ കാണാന്‍ പോയതിന്‍റെ അനുഭവ കുറിപ്പാണിത് . ജോലി കിട്ടി കൈയില്‍ കുറച്ചു കാശു വന്നതിനു ശേഷം, റിലീസ് ആകുന്ന ഒരുമാതിരി എല്ലാ പടങ്ങളും കാണാന്‍ പോകാറുണ്ട്. നല്ല സിനിമാസ്വാദന ബോധമുള്ള കുറെ സുഹൃത്തുക്കളും എനിക്കുണ്ട്.

ഡാ തടിയാ‘ കാണാന്‍ പോയപ്പോഴാണ് പ്രശസ്ത സിനിമറ്റൊഗ്രഫെര്‍ ആയ ‘രാജീവ്‌ രവി’ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ’അന്നയും റസൂലും’ എന്ന ചിത്രത്തിന്‍റെ ട്രൈലെര്‍ കണ്ടത്. കണ്ണുകളില്‍ കുസൃതി ഒളിപ്പിച്ച ഫഹദ് ഫാസിലിന്‍റെ നോട്ടങ്ങളും പുതിയ നായികയെയും കണ്ടപ്പോള്‍ തന്നെ ഒരു ‘ന്യൂ ജെനെറേഷന്‍’ പ്രണയകാവ്യം ആയിരിക്കും ’അന്നയും റസൂലും’ എന്ന് ഉറപ്പിച്ചു.

2013 ജനുവരി 5 , മാത തിയേറ്റര്‍, ആലുവ.

തിയേറ്ററില്‍ സാമാന്യം നല്ല രീതിയില്‍ തിരക്കുണ്ട്‌. ഞാനും അഞ്ചു സുഹൃത്തുക്കളും സെക്കന്റ്‌ ഷോ കാണാന്‍ ബാല്‍കണി ടിക്കറ്റ്‌ എടുത്തു. ടൈറ്റില്‍ കാര്‍ഡില്‍ ഫഹദ് ഫാസില്‍, പുതുമുഖ നായിക ആണ്ട്രിയ ജെര്‍മിയ എന്നീ പേരുകള്‍ തെളിഞ്ഞപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കൈയടി. ‘കയ്യെത്തും ദൂരത്ത്‌‘ എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴുണ്ടായിരുന്ന ഫഹദ് ഫാസില്‍, ഒരു നടന്‍ എന്ന നിലയില്‍ കൈവരിച്ച അദ്ഭുതാവഹമായ വളര്‍ച്ച ഓര്‍ത്തു കൊണ്ടിരിക്കെ പടം ആരംഭിച്ചു.

ഫോര്‍ട്ട്‌ കൊച്ചിയിലെ ഒരു സാധാരണ ടാക്സി ഡ്രൈവര്‍ റസൂല്‍ ആയി ഫഹദ് ഫാസില്‍ വേഷമിടുന്നു. കപ്പല്‍ ജോലിക്കാരനായ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രം (ആഷ്‌ലി) കഥ പറയുന്ന രീതിയിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ഫഹദ് ഫാസില്‍ പതിവ് പോലെ തന്‍റെ കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ഈ ഒരു ഒറിജിനാലിറ്റി തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകതയും.

സാങ്കേതിക രംഗങ്ങളിലും ഒരുപാട് പുതുമകള്‍ പരീക്ഷിച്ചിരിക്കുന്നു — സിങ്ക് സൌണ്ടിംഗ് ടെക്നോളജി കഥാപാത്രങ്ങളുടെ സംഭാഷണം അത് പോലെ ഒപ്പിയെടുത്തിരിക്കുന്നു. കൊച്ചിയുടെ പച്ചപ്പ്‌ തുളുമ്പി നില്‍ക്കുന്ന യഥാര്‍ത്ഥ ചിത്രങ്ങളാണ്‌ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചിരിക്കുന്നത്.

അന്നയും റസൂലും കണ്ടു മുട്ടുന്നു…

ഒരു പ്രത്യേക സാഹചര്യത്തില്‍, സുഹൃത്തായ അബുവിനെയും രക്ഷിച്ചു ധൃതിയില്‍ കാറോടിച്ചു പോകുന്നതിനിടയിലാണ് റസൂല്‍ ആദ്യമായി അന്നയെ കാണുന്നത്. കാറില്‍ ഉണ്ടായിരുന്നവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും റസൂലിന്‍റെ മനസ്സില്‍ തന്‍റെ കാറിന്‍റെ മുന്നില്‍ ചാടിയ അന്നയുടെ മുഖം മാത്രം. പിന്നീടു
വൈപിന്‍ പള്ളിപെരുന്നാളിനു പോയപ്പോള്‍ റസൂല്‍ അന്നയെ മെഴുകുതിരി വെളിച്ചത്തില്‍ കാണുന്ന രംഗം എന്‍റെ മനസ്സില്‍ നിന്ന് മായുന്നില്ല. പിന്നീട് അന്നയെ റസൂല്‍ കാണുന്നതും തന്‍റെ പ്രണയം അറിയിക്കുന്നതുമായ രംഗങ്ങളിലൂടെ സിനിമ പുരോഗമിക്കുന്നു.

മധു നീലകണ്‌ഠന്‍റെ ക്യാമറ ഒരു ദൃശ്യ വിരുന്നു ഒരുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. കൃഷ്ണ കുമാറിന്‍റെ സംഗീത സംവിധാനത്തില്‍ ‘ഷഹബാസ് അമന്‍, ശ്വേത തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ പുതുമയുള്ളതായിരുന്നു. “കായലിനരികെ…..”, “കണ്ട് രണ്ടു കണ്ണ്….” തുടങ്ങിയ ഗാനങ്ങള്‍ പ്രേക്ഷകരെ മറ്റൊരു ലോകത്തേക് കൂട്ടിക്കൊണ്ടു പോകുന്നു.അഞ്ചു പ്രശസ്ത സംവിധായകര്‍ (രഞ്ജിത്ത്, ആഷിക് അബു, പി ബാലചന്ദ്രന്‍, എം ജി ശശി, ജോയ് മാത്യു ) ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ആഷിക് അബു റസൂലിന്‍റെ ചേട്ടനായ ഹൈദര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രഞ്ജിത്ത് റസൂലിന്‍റെ ബാപ്പയായും ജോയ് മാത്യു അന്നയുടെ അച്ഛനായും അഭിനയിക്കുന്നു. രഞ്ജിത്ത്, ആഷിക് അബു തുടങ്ങിയവര്‍ തങ്ങള്‍ നല്ല അഭിനേതാക്കള്‍ കൂടി ആണെന്ന് തെളിയിക്കുന്നു. സണ്ണി വെയ്ന്‍ അവതരിപ്പിച്ച അവതാരകന്‍റെ വേഷവും മികച്ചതായി.അബുവിന്‍റെ ഭാര്യ ഫസിലയായി ശ്രിന്ദ അഷബ് മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. അന്യജാതിയില്‍ പെട്ട അന്നയെ റസൂല്‍ പ്രണയിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍

“നീ പ്രേമിച്ചോടാ മുത്തെ…ബാക്കി എല്ലാം നമ്മക്ക് നോക്കാം..!” എന്ന ഡയലോഗ് ചിരി പടര്‍ത്തി.

അന്ന ഒരു പാവപ്പെട്ട ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ സെയില്‍സ് ഗേള്‍ ആയി ജോലി നോക്കുന്നു. ജീവിത സാഹചര്യങ്ങളില്‍ നിന്നുണ്ടായ നിസ്സഹായാവസ്ഥയും റസൂലിനോടുള്ള പ്രണയവും വളരെ മികച്ച രീതിയില്‍ ആണ്ട്രിയ അവതരിപ്പിച്ചിരിക്കുന്നു.

എന്‍റെ കൂടെ പടം കണ്ട സുഹൃത്തുക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ
“പടം ഇത്തിരി വലിച്ചു നീട്ടിയതായി തോന്നി….ഇടയ്ക്കെപ്പോഴോ സിനിമ ചലനമറ്റ പോലെ ആയിരുന്നു !””

യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയം ഇത്തിരി പൈങ്കിളി ആണെന്നും അത് ഒട്ടും തനിമ നഷ്ടപ്പെടാതെ അവതരിപ്പിക്കുമ്പോള്‍ ഇത്തിരി ദൈര്‍ഘ്യം കൂടുതലാവുമെന്നും” അഭിപ്രായങ്ങള്‍ ഉണ്ടായി. ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ ആണ് അന്നയും റസൂലും തമ്മിലുള്ള പ്രണയം എന്ന് സിനിമ നിരൂപണ വാസനയുള്ള ചിലര്‍ അഭിപ്രായപ്പെട്ടു.

സംവിധായകന്‍ രാജീവ്‌ രവി അവതരണ മികവില്‍ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു. സന്തോഷ്‌ എച്ചിക്കാനത്തിന്‍റെ തിരക്കഥ അന്നയുടെയും രസൂലിന്‍റെയും ജീവിതം വളരെ ‘വിശദമായി’ വരച്ചു കാട്ടുന്നു. അഭിനേതാക്കള്‍ക്ക് ഒരു കഥാസന്ദര്‍ഭം പറഞ്ഞു കൊടുക്കുകയും, യഥാര്‍ഥ ജീവിതത്തില്‍ ആ ഒരു സന്ദര്‍ഭം എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ള രീതിയില്‍ അഭിനയിക്കാന്‍ ആണത്രേ സംവിധായകന്‍ നിര്‍ദേശിച്ചത്. ഈ ഒരു നീക്കം ചിത്രത്തില്‍ മുഴുവന്‍ നല്ല രീതിയില്‍ പ്രതിഫലിക്കുന്നുണ്ട്.

പിന്നെ സിനിമയുടെ ദൈര്‍ഘ്യത്തെ കുറിച്ച് പറയുമ്പോള്‍ എനിക്ക് ഓര്‍മ വരുന്നത് കുറച്ചു മുമ്പ് ഇതേ തിയേറ്ററില്‍ ‘ഹീറോ’ എന്ന പൃഥ്വിരാജ് ചിത്രം കാണാന്‍ പോയതാണ്. ശരിക്കും പറഞ്ഞാല്‍ രാത്രി മാവേലി എക്സ്പ്രെസ്സിനു വീട്ടില്‍ പോകാന്‍ വേണ്ടി സമയം അഡ്ജസ്റ്റ് ചെയ്യാന്‍ വേറെ നിവൃത്തിയില്ലാതെ പടം കാണാന്‍ കയറിയതാണ്. 9.30 നു തുടങ്ങിയ പടം അവസാനിച്ചത്‌ 12.10 നു. ഏതായാലും കയറിയതല്ലേ ക്ലൈമാക്സ്‌ കൂടെ കണ്ടിട്ട് ഇറങ്ങാം എന്നാലോചിച്ച ഞാന്‍ ഇത്രേം സമയം പോയത് അറിഞ്ഞില്ലായിരുന്നു.

ഒടുവില്‍ മിനിട്ടുകളുടെ വ്യത്യാസത്തില്‍ ട്രെയിന്‍ മിസ്സായി.അങ്ങനെ അടുത്ത ട്രെയിനിനു വേണ്ടി ആലുവ റെയില്‍വേ സ്റ്റേഷനില്‍ കൊതുക് കടിയും സഹിച്ചു ഇരിക്കുമ്പോള്‍ മനസ്സില്‍ തോന്നിയത് – ‘ഫിലിം ടിക്കെറ്റിന്‍റെ കാശും പോയി…ട്രെയിന്‍ ടിക്കെറ്റിന്‍റെ കാശും പോയി…ഈ പടത്തിന് കയറിയിട്ടാണ് ട്രെയിന്‍ പോയതെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ മാനവും പോകും…!

അതൊക്കെ വെച്ച് നോക്കുമ്പോള്‍ ’അന്നയും റസൂലും’ കണ്ടിറങ്ങുമ്പോള്‍ ഒരു നല്ല പടം കണ്ട ഫീലിംഗ് എങ്കിലും ഉണ്ട്. മലയാള സിനിമയില്‍ ഒരു മാറ്റത്തിന്‍റെ പാത തുറന്നിടുന്നതില്‍ ഇത്തരം റിയലിസ്റ്റിക് ചിത്രങ്ങള്‍ കാരണമാകും എന്ന കാര്യത്തില്‍ സംശയമില്ല.

പിന്നെ ’അന്നയും റസൂലും’ കാണാന്‍ പോകുമ്പോള്‍ കൂടെ കലാബോധമുള്ള കുറച്ചു സുഹൃത്തുക്കളെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ഈ സൂസുവിനെ പോലെ ഒക്കെ ഉള്ളവര്‍ അടുത്തിരുന്നു വെറുപ്പിക്കും. അപ്പോള്‍ കൂടെ ഉള്ളവര്‍ക്കും ഫിലിം ഇഷ്ടപെടില്ല.

വളരെ ശാന്തമായ മനസ്സോട് കൂടെ വേണം ഈ പടം കാണാന്‍ പോകാന്‍…എന്നാല്‍ മാത്രമേ നമുക്ക് അന്നയും റസൂലും തമ്മിലുള്ള പ്രണയവും അവരുടെ വേദനയും ഉള്‍ക്കൊള്ളാന്‍ കഴിയൂ…പടം കണ്ടിറങ്ങുമ്പോള്‍ മനസ്സിന്‍റെ ഉള്ളില്‍ എവിടെയോ ഒരു മുറിപ്പാടായി അന്നയും റസൂലും ജീവിക്കുണ്ടാകും….തീര്‍ച്ച..!

പിന്‍കുറിപ്പ്: ഞാന്‍ ഇപ്പോള്‍ മൂവി റിവ്യൂ എഴുതാന്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. അച്ചായന്‍ തന്ന ‘7-tips-for-writing-a-film-review’ എന്ന ലിങ്ക് ഒക്കെ വായിച്ചു നോക്കി.
മൂവി റിവ്യൂ ഒക്കെ എഴുതി പരിചയമുള്ളവര്‍ ഈ പോസ്റ്റ്‌ വായിക്കുകയാണെങ്കില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ദയവായി അറിയിക്കുക!