നായരും വാര്യരും പിന്നെ റീമ കല്ലിങ്കലും !!!

നായര്‍ അതീവ സുന്ദരനാണ്. നല്ല വെളുത്തു തുടുത്ത മുഖം….ഒത്ത ശരീരം….ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും (അതിന്‍റെ ഒരിത്തിരി അഹങ്കാരവും നായര്‍ക്ക് ഉണ്ട്). ഒരു കാലത്ത് കോളേജ് കുമാരിമാരുടെ ഇഷ്ട കാമുകന്‍ ആയിരുന്ന നായരുടെ സ്ത്രീ സങ്കല്പങ്ങളും സാധാരണക്കാരുടെതില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്. തന്‍റെ നിലവാരത്തിന് ചേര്‍ന്ന പെണ്‍കുട്ടികള്‍ കേരളത്തില്‍ തന്നെ കുറവാണു എന്നാണ് നായര്‍ പൊതുവെ പറയാറ്. മലയാള സിനിമയെ  സൂക്ഷ്മമായി നിരീക്ഷിക്കുന്ന നായര്‍ക്ക് പൊതുവെ ഇവിടത്തെ നടിമാരെ കുറിച്ചൊന്നും വലിയ മതിപ്പില്ല. എങ്കിലും നായര്‍ റീമ കല്ലിങ്കലിന്‍റെ ഒരു കടുത്ത ആരാധകനാണ്. ഇന്‍റര്‍നെറ്റില്‍ ലഭ്യമായ റീമയുടെ എല്ലാ ഫോട്ടോസും തന്‍റെ ലാപ്ടോപ്പില്‍ ഉണ്ട് എന്നാണ്  നായര്‍ അവകാശപ്പെടുന്നത്.

റീമ അഭിനയിച്ച പരസ്യങ്ങള്‍ വരുമ്പോള്‍ ചാനല്‍ മാറ്റാന്‍ സമ്മതിക്കാതിരിക്കുക, റീമ ഗസ്റ്റ്‌ റോളില്‍ അഭിനയിച്ച സിനിമകള്‍ പോലും  തിയേറ്ററില്‍ പോയി കണ്ടു ഹിറ്റ്‌ ആക്കാന്‍ ശ്രമിക്കുക…ഇതൊക്കെ നായരുടെ സ്ഥിരം പരിപാടികളാണ്. റീമയെ കുറിച്ച് ആരെങ്കിലും അനാവശ്യം പറഞ്ഞാല്‍ അവന്‍ നായരുടെ കൈയുടെ ചൂടറിയും (രോഹിത് ഉണ്ണിമാധവന് അനുഭവം ഉണ്ട്!!)

ഇനി വാര്യരെ കുറിച്ച്….വാര്യര്‍ വളരെ അധികം വിശാലമനസ്കനും സര്‍വ്വോപരി ഒരു തികഞ്ഞ മനുഷ്യസ്നേഹിയുമാണ്. എല്ലാ കാര്യങ്ങള്‍ക്കും വാര്യര്‍ മുന്നില്‍ ഉണ്ടാകും. സുഹൃത്തുക്കളുടെ ഏതു കാര്യവും സ്വന്തം കാര്യം പോലെ കണ്ടു സഹായ ഹസ്തവുമായി വാര്യര്‍ കൂടെത്തന്നെ ഉണ്ടാകും. (സത്യം പറഞ്ഞാല്‍ നായര്‍ക്ക് ‘പെണ്‍കുട്ടികള്‍’ പോലെ ആണ് വാര്യര്‍ക്ക് സുഹൃത്തുക്കള്‍!!!!). പിന്നെ നേരത്തെ പറഞ്ഞ സ്ത്രീ സങ്കല്പങ്ങളില്‍ രണ്ടുപേരും സമാന ചിന്താഗതിക്കാരാണ്. അത് കൊണ്ട് തന്നെ നായരും വാര്യരും തമ്മില്‍ നല്ല ഒരു മാനസിക അടുപ്പം ഉണ്ട്.

പൊതുവെ പത്രം വായിക്കുന്ന ശീലം ഇല്ലാത്ത നായര്‍, ഒരു ദിവസം രാവിലെ മസാല ദോശ പാര്‍സല്‍ കൊണ്ട് വന്ന “ഹിന്ദു ” പത്രത്തിലെ വാര്‍ത്ത‍ കണ്ടു ഞെട്ടി. തന്‍റെ സ്വപ്നസുന്ദരി ഒരു എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ ഹോട്ടല്‍ ‘അബാദ് പ്ലാസ’ യില്‍ എത്തുന്നു.

Rima Kallingal Soul Sisters

Rima Kallingal – Soul Sisters

പിന്നെ തീരുമാനം എടുക്കാന്‍ ഒട്ടും താമസം ഉണ്ടായില്ല. പോകാന്‍ തന്നെ തീരുമാനിച്ചു. കൂടെ പോകാന്‍ ആരെ വിളിക്കണം എന്ന് ആലോചിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തെളിഞ്ഞത് വാര്യരുടെ മുഖം.  ആവശ്യം അറിയിച്ചപ്പോള്‍ വാര്യര്‍ക്കും വളരെ സന്തോഷം.  അങ്ങനെ വാര്യരുടെ ബൈക്ക് ‘അബാദ് പ്ലാസ’ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.

ഹോട്ടല്‍ ‘അബാദ് പ്ലാസ’, 1.30 PM

സ്ഥലത്ത് എത്തിയപ്പോള്‍ വലിയ ആള്‍തിരക്ക് ഒന്നുമില്ല. (ഇവരെ പോലെ ഉള്ളവര്‍ അല്ലാതെ വേറെ ആര് പോകാന്‍!!!). എന്തായാലും വന്നതല്ലേ ഒന്ന് കറങ്ങാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ അന്വേഷിച്ചു ചെന്നപ്പോള്‍ റീമയുടെ സഹപ്രവര്‍ത്തകരെ കണ്ടു. ‘റീമ വന്നിട്ട് പോയി’ എന്നു അവര്‍ പറഞ്ഞപ്പോള്‍ നായര്‍ക്ക് സങ്കടമായി. “സാരമില്ലെടാ…നിന്നെ ഞാന്‍ റീമയുടെ അടുത്ത് കൊണ്ട് പോകാം” എന്നു  പറഞ്ഞു വാര്യര്‍ നായരെ ആശ്വസിപ്പിച്ചു (വെറുതെ വാഗ്ദാനങ്ങള്‍ നല്‍കുക എന്നത് വാര്യരുടെ ഒരു സ്ഥിരം പരിപാടിയാണ്!!!!). രണ്ടു പേരുടെയും സങ്കടം കണ്ടു “ഒരു പക്ഷെ റീമ വൈകുന്നേരം ഒരു തവണ കൂടി വരാന്‍ സാധ്യത ഉണ്ട്” എന്നു സംഘാടകര്‍ പറഞ്ഞപ്പോള്‍ നായര്‍ക്ക് ആശ്വാസമായി. ഭക്ഷണം കഴിക്കാന്‍ പോയാല്‍ റീമയെ കാണാന്‍ പറ്റാതെ ആകുമോ എന്ന് ഭയന്ന് കുറെ നേരം കാത്തിരുന്നെങ്കിലും വിശപ്പിന്‍റെ വിളി അസഹ്യമായപ്പോള്‍ ഹോട്ടലില്‍ പോകാന്‍ തീരുമാനിച്ചു.

ലിഫ്റ്റില്‍ വെച്ച് കണ്ടുമുട്ടിയ സുന്ദരികള്‍!

പെട്ടെന്ന് ഭക്ഷണം കഴിച്ചു മുകളിലത്തെ നിലയിലേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ തൊട്ടടുത്ത്‌ ‘അള്‍ട്ര മോഡേണ്‍ ലുക്ക്’ ഉള്ള രണ്ടു പെണ്‍കുട്ടികള്‍ നില്‍കുന്നു! വാര്യര്‍ ഉടന്‍ തന്നെ തന്‍റെ ‘rayban’ ഒക്കെ എടുത്തു വെച്ച് ശ്വാസം വിടാതെ നിന്നു. ഇവരും നമ്മളെ പോലെ റീമയെ കാണാന്‍ തന്നെ ആയിരിക്കുമോ പോകുന്നത് എന്നൊക്കെ ആലോചിച്ചു കൊണ്ട് നായര്‍ നില്‍കുമ്പോള്‍ അവര്‍ നല്ല തൃശൂര്‍ സ്ലാങ്ങില്‍  സംസാരിച്ചു തുടങ്ങി. “എടീ രാവിലെ കഴിച്ച ഭക്ഷണത്തിന്‍റെ ആണോ എന്നറിയില്ല്യ…ഗ്യാസ് കേറിയെന്നാ തോന്നണേ…നമുക്കെ താഴത്തെ കടയില്‍ പോയി  ഉപ്പിട്ട ഓരോ സോഡാ നാരങ്ങ വെള്ളം അങ്ങട് കാച്ചിയാലോ?!!” . പെണ്‍കുട്ടികളുടെ ലുക്കിനു ചേരാത്ത ഇ ഡയലോഗ് കേട്ട് നായരുടെയും വാര്യരുടെയും ഗ്യാസ് പോയി. (വാര്യര്‍ ‘Rayban‘ ഒക്കെ ഊരി പോക്കറ്റില്‍ വെച്ചു.)

വീണ്ടും നീണ്ട കാത്തിരിപ്പ്….ലേബര്‍ റൂമിന് പുറത്തു നില്‍ക്കുന്ന ഭര്‍ത്താവിനെ പോലെ നഖം കടിച്ചു കൊണ്ട് നായര്‍ ഒരു കസേരയില്‍ ഇരുന്നു. “ഇപ്പോ വരുമെടാ നിന്‍റെ റീമ” എന്നു പറഞ്ഞു കൊണ്ട് വാര്യരും കൂടെ ഇരുന്നു. സാവധാനം രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതി വീണു. ഒരു ബഹളം കേട്ടാണ് നായര്‍ ഞെട്ടി ഉണര്‍ന്നത്. കണ്ണ് തിരുമ്മി നോക്കിയപ്പോള്‍ തൊട്ടുമുന്നില്‍ ദാ നില്‍ക്കുന്നു റീമ കല്ലിങ്കല്‍!!! താന്‍ സ്വപ്നം കാണുകയാണോ എന്നു മനസിലാകാതെ കയ്യില്‍ നുള്ളി നോക്കി. (വാര്യര്‍ ഒന്നുമറിയാതെ അപ്പോഴും ഉറങ്ങുകയായിരുന്നു…നായര്‍ അവനെ തട്ടി വിളിച്ചു.) പിന്നെ വാര്യര്‍ കണ്ടത് നായര്‍ റീമയോട് സംസാരിക്കുന്നതാണ്.

ആദ്യം മലയാളത്തില്‍ തുടങ്ങിയ നായര്‍ ക്രമേണ മലയാള ഭാഷ മറന്നു പോകുകയും പിന്നെ ഇംഗ്ലീഷിലും മന്ഗ്ലിഷിലും അവസാനം വാക്കുകള്‍ കിട്ടാതെ ആംഗ്യ ഭാഷയിലും ആണത്രേ സംസാരിച്ചത് (ആശയവിനിമയത്തിനു ഭാഷ ഒരു വിഷയമല്ല എന്ന കാര്യം വാര്യര്‍ അത്ഭുതത്തോടെ നോക്കി നിന്നു!!) . അവസാനം റീമയുടെ കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്തു ഇരുവരും സന്തോഷത്തോടെ മടങ്ങി. പിന്നെ റൂമില്‍ വരുന്ന എല്ലാര്‍ക്കും ഫോട്ടോ കാണിച്ചു കൊടുത്ത് നടന്ന സംഭവം മൊത്തം വിവരിക്കലയിരുന്നു നായരുടെ പ്രധാന പണി.

“ഞാന്‍ റീമയുടെ ഒരു വല്യ ഫാന്‍ ആണ്, ‘ഋതു’ മുതല്‍ ‘ഹാപ്പി ഹസ്ബണ്ട്സ്’ വരെ ഉള്ള എല്ലാ പടങ്ങളും കണ്ടിടുണ്ട്” എന്നു നായര്‍ പറഞ്ഞപ്പോള്‍…..”അതിനു ഞാന്‍ എന്ത് വേണം?” എന്ന  ഭാവത്തില്‍ റീമ ഒന്നു നോക്കി എന്നു വാര്യര്‍ കഥകള്‍ മെനഞ്ഞു. തന്‍റെ പിറകില്‍ നിന്ന വാര്യരെ റീമ കണ്ടില്ലെന്നും “ഒറ്റയ്ക്കാണോ എന്നെ കാണാന്‍ വന്നത്, എന്നെ അത്രയ്ക്ക് ഇഷ്ടമാണോ?” എന്നു   റീമ ചോദിച്ചെന്നും നായര്‍ തിരിച്ചടിച്ചു. റീമയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയാന്‍ പറഞ്ഞപ്പോള്‍ “വീട്ടുകാര്‍ കണ്ടാല്‍ പ്രശ്നമാകും” എന്ന് പറഞ്ഞു നായര്‍ ഒഴിഞ്ഞു. ഒടുവില്‍ വാര്യരുടെ ഭീഷണി (വടക്കുനോക്കി യന്ത്രം സിനിമയിലെ തളത്തില്‍ ദിനേശനും ശോഭയും  ചേര്‍ന്ന് നില്‍കുന്ന ഫോട്ടോയും നായരും റീമയും ചേര്‍ന്ന് നില്‍കുന്ന ഫോട്ടോയും ഫോട്ടോഷോപ്പില്‍ എഡിറ്റ്‌ ചെയ്തു ഫേസ്ബുക്കില്‍ ഇടും!!!) വഴങ്ങി നായര്‍ തന്നെ ഫോട്ടോ  ഇട്ടു.

Rima Kallingal with Sreesyam

ആദ്യ മണിക്കൂറില്‍ തന്നെ നൂറിലധികം ലൈക്കും കമന്റ്സും കണ്ടു നായര്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പല സുഹൃത്തുക്കളും “ഇതെങ്ങനെ സംഭവിച്ചു??” എന്ന് വിളിച്ചു ചോദിച്ച ശേഷമാണ് ലൈക്ക് അടിച്ചത് (ഉള്ളില്‍ അസൂയ ഉണ്ടായിരുന്നെങ്കിലും ഞാനും ഒരു ലൈക്ക് അടിച്ചു) . എങ്കിലും ഈ ഫോട്ടോ കണ്ടു വീട്ടുകാര്‍ നായര്‍ക്ക് എതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും ഊര് വിലക്ക് ഏര്‍പെടുത്തുകയും ചെയ്തു.

എന്തൊക്കെ ആയാലും നായരുടെ ചിരകാലാഭിലാഷം പൂവണിഞ്ഞു. ഇപ്പോഴും റൂമില്‍ വെറുതെ ഇരുന്നു റീമയുടെ ഫോട്ടോ കളക്ഷന്‍ എടുത്തു നോക്കുമ്പോള്‍ നായര്‍ നിരാശയോടെ ഇങ്ങനെ ആത്മഗതം നടത്താറുണ്ട്….. “അന്ന് കണ്ടപ്പോള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചില്ല…അല്ലേല്‍ ഇപ്പൊ വെറുതെ ഒരു മിസ്സ്കാള്‍ അടിക്കാമായിരുന്നു!!!!”
Advertisements

4 thoughts on “നായരും വാര്യരും പിന്നെ റീമ കല്ലിങ്കലും !!!

    • നായര്‍ ഇപ്പോള്‍ “മിടുക്കി” എന്ന റിയാലിറ്റി ഷോ പതിവായി കാണാനും തുടങ്ങിയിരിക്കുന്നു!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s